മാളയിലും ആളൂരിലുമായി ആക്രമണം നടത്തിയ ഗുണ്ടകൾ അറസ്റ്റിൽ
ഇരിങ്ങാലക്കുട: മാളയിലും ആളൂരും ഗുണ്ടാ വിളയാട്ടം നടത്തിയ രണ്ടു പേർ അറസ്റ്റിലായി. തിരുത്തി പറമ്പ് തച്ചിനാടൻ ജയൻ 31 വയസ്സ്, തിരുത്തിപറമ്പ് തച്ചനാടൻ ഗിരീഷ് 50 വയസ്സ് എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി. ജി. പൂങ്കുഴലി ഐ പി.എസിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു. കെ.തോമസിന്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ എം.ബി. സിബിൻ അറസ്റ്റു ചെയ്തത്. കൊലപാതകം, കൊലപാതക ശ്രമം , ഹൈവേ റോബറി കേസുകളടക്കം നിരവധി കേസ്സുകളിൽ പ്രതിയുമായ ജയനും സംഘവും തിങ്കളാഴ്ച കുഴിക്കാട്ടുശ്ശേരിയിലെ ബാറിൽ അതിക്രമിച്ചു കയറി കത്തി വീശിയും കുപ്പികൾ ഉടച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മടങ്ങുമ്പോൾ മാള ആനപ്പാറയിലെ ഒരു വീട്ടിൽ വെള്ളം ചോദിച്ച് എത്തി. എന്നാൽ വീട്ടിൽ സ്ത്രീകൾ മാത്രം ഉള്ളതിനാൽ ആരും പുറത്തിറങ്ങിയില്ല. ഇതിൽ ക്ഷുഭിതരായ സംഘം വീടിനു പുറത്തെ കസേരകൾ ചവിട്ടിപ്പൊളിച്ചു അവിടെയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പ്രശ്നം അറിഞ്ഞെത്തിയ സി.പി.എം ആനപ്പാറ ബ്രാഞ്ച് സെക്രട്ടറിക്കും പ്രതികളുടെ ആക്രമത്തിൽ പരുക്കേറ്റു. ഗുണ്ടാ സംഘമായ ജയന് കൊലപാതകം അടക്കം ചാലക്കുടി, ആളൂർ മാള സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. ഇയാളുടെ സുഹൃത്തായ ഗിരീഷിനും വിവിധ സ്റ്റേഷനിലും നിരവധി കേസ്സുകളുണ്ട്. പ്രതികൾ ഒരു ദിവസം തന്നെ രണ്ടിടത്തായി ആക്രമണം നടത്തിയത് വലിയ വാർത്തയായിരുന്നു. അന്വേഷണ സംഘം വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ. കെ.എസ്.സുബിന്ദ്, എം എസ് .പ്രദീപ്, എം.സി.രവി, എ.എസ്.ഐ.മാരായ മുഹമ്മദ് അഷറഫ്, ടി.ആർ.ബാബു, രമേഷ് സീനിയർ സി.പി.ഒ മാരായ കെ.എസ്. ഉമേഷ്, ഇ.എസ്.ജീവൻ, വികാസ്, സോണി സേവ്യർ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.