കാട്ടൂരിൽ ഹോമിയോ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം ഉയരുന്നു; നിർമ്മിക്കുന്നത് മുൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 25 ലക്ഷം രൂപ ചിലവിൽ…
ഇരിങ്ങാലക്കുട: വൈദ്യശാസ്ത്ര മേഖലയിലെ പ്രധാനപ്പെട്ട മൂന്ന് ശാഖകളിലൊന്നായ ഹോമിയോപ്പതി ചികിത്സയ്ക്കായി കാട്ടൂരിലും ഡിസ്പെൻസറി ഉയരുന്നു. കാട്ടൂരിൽ പുതുതായി നിർമ്മിക്കാനിരിക്കുന്ന ഹോമിയോ ഡിസ്പെൻസറിയുടെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു നിർവ്വഹിച്ചു. മുൻ എം എൽ എ പ്രൊഫ. അരുണൻ മാസ്റ്ററുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചാണ് കെട്ടിട നിർമ്മാണം. പുള്ളിപറമ്പൻ ദേവസ്സിയുടെ സ്മരണാർത്ഥം മകൻ ഷിബുവാണ് കാട്ടൂർ ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിലെ പൊഞ്ഞനം ആനക്കുളം പരിസരത്തുള്ള 3.40 സെൻ്റ് സ്ഥലം ഹോമിയോ ഡിസ്പെൻസറി കെട്ടിടം നിർമിക്കുന്നതിലേക്കായി വിട്ടുനൽകിയത്.
കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീജ പവിത്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എംഎൽഎ പ്രൊഫ. കെ യു അരുണൻ മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ്, കാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി സി സന്ദീപ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി വി ലത, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിമല സുഗുണൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അമിത് മനോജ്, വാർഡ് മെമ്പർ ഇ ഡി ധനീഷ് തുടങ്ങിയവർ ആശംസകൾ നേർന്നു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കാട്ടൂർ ഗ്രാമപഞ്ചായത്ത് 6-ാം വാർഡ് മെമ്പറുമായ വി എം കമറുദ്ദീൻ സ്വാഗതവും കാട്ടൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം എച്ച് ഷാജിക് നന്ദിയും പറഞ്ഞു.