നെന്മേനി ചിറ്റുണ്ട കൃഷി രീതി ഇരിങ്ങാലക്കുട മണ്ഡലത്തിലെ പാടശേഖരങ്ങളിലേക്കും; നടപ്പാക്കുന്നത് തെക്കോർത്ത് ദേവസ്വം കോൾ പടവുകളിലെ 35 എക്കർ കൃഷിയിടത്തിൽ..
ഇരിങ്ങാലക്കുട: പ്രകൃതി സൗഹാർദ്ദവും ചിലവ് കുറഞ്ഞതുമായ നെന് മേനി ചിറ്റുണ്ട കൃഷി രീതി മണ്ഡലത്തിലെ പാടശേഖരങ്ങളിലേക്കും. പഞ്ചഗവ്യം അടക്കമുള്ളവ ചേർത്ത് തയ്യാറാക്കിയ വളക്കൂട്ടും വിത്തും ചേർത്ത്, അച്ചിൽ പരത്തിയെടുത്ത് നിർമ്മിക്കുന്ന ചിറ്റുണ്ട ഒരാഴ്ച പ്രായത്തിൽ നിരത്തുന്ന രീതി, വയനാട് നെന്മേനി പഞ്ചായത്തിലെ അജി തോമസ് കുന്നേലാണ് വികസിപ്പിച്ചെടു എക്കറിന് 30 കിലോ വിത്ത് വേണ്ടിടത്ത് ഇവിടെ ആറിലൊന്ന് വിത്ത് മാത്രമേ ആവശ്യമുള്ളൂ. ഞാറ്റടി തയ്യാറാക്കുന്നതിൻ്റെ കൂലി ചിലവും കുറവ്. ആരോഗ്യവും രോഗപ്രതിരോധ ശേഷിയുമുള്ള നെൽചെടി വളരാൻ ചിറ്റുണ്ട ക്യഷി രീതി സഹായിക്കുന്നത് കൊണ്ട് കീടനാശിനികളുടെ ഉപയോഗം കുറയ്ക്കാൻ കഴിയുമെന്ന മേന്മയുമുണ്ട്. മണ്ഡലത്തിലെ പടിയൂർ-പൂമംഗലം കൃഷിഭവനുകളിൽ ഉൾപ്പെട്ട തെക്കോർത്ത് ദേവസ്വം കോൾ പടവുകളിലെ 35 എക്കർ ക്യഷിയിടത്തിലാണ് ഈ വർഷം നെന്മേനി ചിറ്റുണ്ട ക്യഷി രീതി നടപ്പിലാക്കുന്നത്. ചിറ്റുണ്ട പാടത്ത് വിരിക്കുന്നതിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ അധ്യക്ഷയായിരുന്നു. ബ്ലോക്ക് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ, അസി. പ്രിൻസിപ്പൽ കൃഷി ഓഫീസർ സി വി രമേഷ്, അജി തോമസ്, ജനപ്രതിനിധികളായ സുധ ദിലീപ്, കെ വി സുകുമാരൻ, രാജേഷ് അശോകൻ, വിപിൻ ടി വി, പ്രഭാത് വെള്ളാപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. ക്യഷി ഓഫീസർ ഡോ. സജന പി സി സ്വാഗതവും പി ജി വിനയൻ നന്ദിയും പറഞ്ഞു. ചിറ്റുണ്ട വിരിക്കാൻ സെൻ്റ് ജോസഫ്സ് കോളേജ് റിട്ട. അധ്യാപിക സിസ്റ്റർ റോസ് ആൻ്റോയുടെ നേത്യത്വത്തിൽ എംഎസ് ഡബ്ല്യു വിദ്യാർഥികളും എടതിരിഞ്ഞി എച്ച്ഡിപി സ്കൂളിലെ വിദ്യാർഥികളും എത്തിയിരുന്നു.