പെരുന്തോട് – വലിയതോട് പുനരുദ്ധാരണ പദ്ധതി മാതൃകാപരം; മന്ത്രി കെ രാജൻ

പെരുന്തോട് – വലിയതോട് പുനരുദ്ധാരണ പദ്ധതി മാതൃകാപരം; മന്ത്രി കെ രാജൻ

 

കയ്പമംഗലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടുകൂടി ഇ ടി ടൈസൺ മാസ്റ്റർ എം എൽ എയുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന പെരുന്തോട് – വലിയതോട് പുനരുദ്ധാരണ പദ്ധതി സംസ്ഥാനത്തിന് ഏറെ മാതൃകാപരമായ പദ്ധതിയാണെന്ന് റവന്യൂമന്ത്രി കെ രാജൻ. പദ്ധതിയുടെ ഭാഗമായി കൈറ്റ്സ് ഫൗണ്ടേഷൻ കേരള കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജിന്റെ സഹായത്തോടെ തയ്യാറാക്കിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി.

ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഒരു കാലത്ത് നാടിന്റെ ജീവനാഡി എന്നറിയപ്പെട്ടിരുന്ന പെരുന്തോടിനെ അതിന്റെ പൂർവ്വസ്ഥിതിയിലേക്ക്‌ കൊണ്ടുവന്ന് നാടിനും ജനങ്ങൾക്കും പ്രയോജനപ്രദമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഇ ടി ടൈസൺ മാസ്റ്റർ പറഞ്ഞു.

മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, തൃശൂർ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, കേരള കാർഷിക സർവകലാശാല കാലവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജ് ഡീൻ ഡോ.പി ഒ നമീർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എസ് മോഹനൻ സ്വാഗതം ആശംസിച്ചു.

എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ, എറിയാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കെ പി രാജൻ, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി സി ജയ, മതിലകം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി ഷാജി, കൈറ്റ്സ് ഫൗണ്ടേഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജ്മൽ ചക്കരപ്പാടം എന്നിവർ സംസാരിച്ചു. കേരള കാലാവസ്ഥ വ്യതിയാന പരിസ്ഥിതി കോളേജ് വിദ്യാർത്ഥിനികളായ ചിഞ്ചു ജയകുമാർ, മറീന മാത്യു എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.

കയ്പമംഗലം മണ്ഡലത്തിൽ മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നവീകരണത്തിന് തുടക്കമിട്ട പെരുന്തോട്-വലിയതോട് പദ്ധതി കൂടുതൽ പ്രയോജനപ്രദമാക്കുന്നതിന്റ ഭാഗമായി, ശാസ്ത്രീയമായ പഠനം നടത്തുക എന്ന ലക്ഷ്യത്തോടെ സന്നദ്ധസംഘടനയായ കൈറ്റ്സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ കേരള കാർഷിക സർവകലാശാലയിലെ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജിലെ വിദ്യാർത്ഥികളാണ് ഈ പഠനം നടത്തിയത്. വാട്ടർഷെഡ് മാപ്പിംഗ്, ഡ്രോൺ മാപ്പിംഗ്, സർവേ എന്നീ മാർഗങ്ങൾ ഉപയോഗിച്ചുകൊണ്ട് കൂടുതൽ സമഗ്രവും ശാസ്ത്രീയവുമായി പഠനം നടത്തി സുസ്ഥിരവും സമഗ്രവുമായ രീതിയിൽ പെരുന്തോട് വലിയതോട് പദ്ധതി ശുദ്ധജല തണ്ണീർ തടമാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഈ പഠനത്തിന് കൈറ്റ്സ് ഫൗണ്ടേഷനാണ് ആവശ്യമായ സാങ്കേതിക സഹായം നൽകുന്നത്.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, കൈറ്റ്സ് ഫൗണ്ടേഷൻ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Please follow and like us: