” വാൾഡൻ പോണ്ട് ഹൗസ്’ വീണ്ടും സജീവമാകുന്നു; മഹാമാരിക്കാലത്തെ ഇടവേളക്ക് ശേഷം അരങ്ങിലെത്തിയത് കണ്ണൂർ ഭുവി നാടകവീടിൻ്റെ ‘ പെണ്ണമ്മ ‘ നാടകം…
ഇരിങ്ങാലക്കുട: മഹാമാരി സൃഷ്ടിച്ച രണ്ടു വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം, ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിലെ ‘വാൾഡൻ പോണ്ട് ഹൗസി‘ൽ കണ്ണൂർ ഭുവി നാടകവീട് അവതരിപ്പിച്ച ‘പെണ്ണമ്മ‘ എന്ന നാടകം അരങ്ങേറി.
മഹാമാരിക്കാലത്ത് വിടപറഞ്ഞ നാടകകൃത്ത് എ. ശാന്തകുമാർ രചിച്ച ‘പെണ്ണമ്മ ‘ തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അദ്ധ്യാപകനായ ഡോ. ഷിബു എസ്. കൊട്ടാരത്തിൻ്റെ സംവിധാനത്തിലാണ് അരങ്ങിലെത്തിയത്. ദീർഘകാലമായി നാടകരംഗത്തു പ്രവർത്തിക്കുന്ന കണ്ണൂർ കണ്ണപുരം സ്വദേശികളായ ദമ്പതികൾ മിനി രാധനും രാധൻ കണ്ണപുരവുമാണു അഭിനേതാക്കൾ. സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥികളാണു സാങ്കേതികസഹായമൊരുക്കിയത്. ഡിസംബർ അഞ്ചു മുതൽ വാൾഡനിൽ നടന്ന റിഹേഴ്സലിലൂടെയാണു നാടകം അവതരണത്തിന് സജ്ജമായത്.
അന്തരിച്ച ചിത്രകാരൻ രാജൻ കൃഷ്ണൻ രൂപകല്പന ചെയ്ത ‘വാൾഡൻ പോണ്ട് ഹൗസി‘ൽ തുടർച്ചയായി അരങ്ങേറിയിരുന്ന കലാ-സാംസ്കാരികപരിപാടികൾക്ക് മഹാമാരിക്കാലം ഇടവേള സൃഷ്ടിച്ചിരുന്നു. ഇന്നർസ്പേസ് ലിറ്റിൽ തിയേറ്ററിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പെണ്ണമ്മ‘യുടെ ആദ്യാവതരണത്തോടെ ‘വാൾഡൻ പോണ്ട് ഹൗസ്‘ വീണ്ടും സജീവമാവുകയാണ്.