അവിട്ടത്തൂരിൽ ഷോക്കേറ്റ് യുവാവിൻ്റെ മരണം; കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് നാട്ടുകാർ; വീഴ്ചയില്ലെന്ന് വിശദീകരിച്ച് കെഎസ്ഇബി അധിക്യതർ..

അവിട്ടത്തൂരിൽ ഷോക്കേറ്റ് യുവാവിൻ്റെ മരണം; കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് നാട്ടുകാർ; വീഴ്ചയില്ലെന്ന് വിശദീകരിച്ച് കെഎസ്ഇബി അധിക്യതർ..

ഇരിങ്ങാലക്കുട: അവിട്ടത്തൂരിൽ ഇലക്ട്രിക് ലൈനിൽ തോട്ടി തട്ടി യുവാവ് മരിക്കാൻ ഇടയായ സംഭവത്തിൽ കെഎസ്ഇബി യുടെ വീഴ്ച ഉണ്ടെന്ന് നാട്ടുകാർ.എഞ്ചിനീയറിംഗ് ബിരുദധാരിയായ കടുപ്പശ്ശേരി ചെങ്ങാറ്റുമുറി തത്തംപ്പിള്ളി വീട്ടിൽ തോമസിൻ്റെ മകൻ ടിബിൻ (21) ആണ് കഴിഞ്ഞ ദിവസം പറമ്പിൽ നിന്ന് തോട്ടിയുമായി മടങ്ങുന്നതിനിടയിൽ 33 കെ വി ലൈനിൽ തോട്ടി തട്ടി ഷോക്കേറ്റ് മരിച്ചത്. 33 കെ വി ലൈനിന് ആവശ്യത്തിന് ഉയരമില്ലാഞ്ഞതാണ് അപകടകാരണമെന്നും ഇത് സംബന്ധിച്ച് നേരത്തെ പരാതി നല്കിയിരുന്നതാണെന്നും കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വീഴ്ച പ്രകടമാണെന്നും ചെങ്ങാറ്റുമുറി സ്വദേശികളായ അജു കോച്ചേരി, രാജു കെ എസ്, മനോജ് പി എം, ബിനു പി വി എന്നിവർ പറഞ്ഞു.ഇത് സംബന്ധിച്ച് കെഎസ്ഇ ബിക്കും പോലീസിനും ബന്ധപ്പെട്ട വകുപ്പുകൾക്കും പരാതി നല്കുമെന്നും ഇവർ പറഞ്ഞു. മരണമടഞ്ഞ ടിബിൻ്റെ പിതാവ് തോമസ്, സഹോദരൻ ടോബിൻ എന്നിവരും കൂടെ ഉണ്ടായിരുന്നു.
എന്നാൽ നിയമം അനുശാസിക്കുന്ന ഉയരത്തിലാണ് 33 കെ വി ലൈൻ സ്ഥിതി ചെയ്യുന്നതെന്നും ഇരുമ്പ് തോട്ടിയുടെ ഉയരക്കൂടുതലാണ് അപകടത്തിന് കാരണമായതെന്നും കെഎസ്ഇബി ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഇക്കാര്യം കഴിഞ്ഞ ദിവസം അപകടസ്ഥലത്ത് എത്തിയ കെഎസ്ഇബി സംഘം സ്ഥിരീകരിച്ചതാണ്. ഉന്നത ഉദ്യോഗസ്ഥരായ പി ജയചന്ദ്രൻ, ഷിബു ടി ആർ, എം എസ് സാജു, ബാലഗോപാൽ, ബൈജു എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. പാടത്തിന് മുകളിലൂടെ കടന്നുപോകുന്ന 33 കെ വി ലൈനിന് 5.2 മീറ്റർ ഉയരമാണ് നിയമപ്രകാരം ആവശ്യമുള്ളത്. ഓങ്ങിച്ചിറ പരിസരത്തുള്ള പാടത്തിന് മുകളിലൂടെ പോകുന്ന ലൈനിന് ഇതുണ്ടെന്നും എന്നാൽ ഇരുമ്പ് തോട്ടിക്ക് 6.25 മീറ്റർ ഉയരമുണ്ടെന്നും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ വ്യക്തമായെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.

Please follow and like us: