വയോജനകമ്മീഷൻ സ്ഥാപിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ച് വരികയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു ; മുതിർന്ന പൗരൻമാരുടെ സംരക്ഷണം ഉറപ്പു വരുത്തേണ്ടത് സർക്കാരിൻ്റെയും സമൂഹത്തിൻ്റെയും ഉത്തരവാദിത്വമെന്നും മന്ത്രി…
ഇരിങ്ങാലക്കുട: വയോജന കൗൺസിലിൽ ഉയർന്ന തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ വയോജനകമ്മീഷൻ സ്ഥാപിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് സാമൂഹ്യനീതി – ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.സാമൂഹ്യനീതി വകുപ്പിൻ്റെയും മെയിൻ്റനൻസ് ട്രൈബ്യൂണലിൻ്റെയും ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് സെമിനാർ ഹാളിൽ ‘ മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും സംരക്ഷണവും ക്ഷേമവും നിയമം – 2007 ‘ സംബന്ധിച്ച പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.കൂട്ടുകുടുംബവ്യവസ്ഥയിൽ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള മാറ്റവും വിപണി കേന്ദ്രീകൃതമായ സംസ്കാരവും ഉടലെടുത്തതോടെ, മുതിർന്ന പൗരൻമാരുടെ കാര്യത്തിലുള്ള ശ്രദ്ധ കുറഞ്ഞുവെന്നത് നമ്മുടെ മുന്നിലുള്ള യാഥാർത്ഥ്യമാണ്. മുതിർന്ന പൗരൻമാരുടെയും വയോജനങ്ങളുടെയും സംരക്ഷണം ഉറപ്പാക്കേണ്ടത് സർക്കാരിൻ്റെയും സമൂഹത്തിൻ്റെയും ഉത്തരവാദിത്വമാണ്. മന്ദഹാസം, വയോമധുരം, സഹജീവനം, വയോമൃതം തുടങ്ങി വിവിധ പദ്ധതികളാണ് വയോജനങ്ങൾക്കായി സർക്കാർ തലത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. വാർഡ് അടിസ്ഥാനത്തിൽ വയോജന ക്ലബുകൾ രൂപീകരിക്കാനും നിർദ് ദേശമുണ്ട്. സേവനങ്ങൾ ധ്യതഗതിയിൽ എത്തിക്കാൻ ടോൾ ഫ്രീ നമ്പരും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മെയിൻ്റനൻസ് ട്രൈബ്യൂണൽ പ്രിസൈഡിംഗ് ഓഫീസർ എം എച്ച് ഹരീഷ് അധ്യക്ഷനായിരുന്നു. വയോജനക്ഷേമകവിത രചിച്ച ഓമനക്കുട്ടൻ പങ്ങപ്പാട്ട്, കലാകാരി ആശ സുരേഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ്, ജില്ല സാമൂഹ്യനീതി ഓഫീസർ കെ ജി രാഗപ്രിയ, കൗൺസിലർ ജെയ്സൺ പാറേക്കാടൻ, ജൂനിയർ സൂപ്രണ്ട് കെ രമാദേവി എന്നിവർ സംസാരിച്ചു. ട്രൈബ്യൂണൽ ടെക്നിക്കൽ അസിസ്റ്റൻ്റ് മാർഷൽ സി രാധാക്യഷ്ണൻ വിഷയം അവതരിപ്പിച്ചു. 50 ഓളം പരാതികളാണ് അദാലത്തിൽ പരിഹരിക്കുന്നത്. വയോജനങ്ങൾക്കായി മെഡിക്കൽ പരിശോധനയും ഒരുക്കിയിട്ടുണ്ട്.