പരീക്ഷാ ഫീസ് അടച്ചിട്ടും ഹാൾ ടിക്കറ്റ് ലഭിച്ചില്ല; ലോർഡ്സ് അക്കാദമിയിലെ മുപ്പതോളം വിദ്യാർഥികൾ പ്രതിസന്ധിയിൽ; വീഴ്ച സർവകലാശാലയുടെതെന്ന് വിശദീകരിച്ച് അക്കാദമി അധികൃതർ..

പരീക്ഷാ ഫീസ് അടച്ചിട്ടും ഹാൾ ടിക്കറ്റ് ലഭിച്ചില്ല; ലോർഡ്സ് അക്കാദമിയിലെ മുപ്പതോളം വിദ്യാർഥികൾ പ്രതിസന്ധിയിൽ; വീഴ്ച സർവകലാശാലയുടെതെന്ന് വിശദീകരിച്ച് അക്കാദമി അധികൃതർ..

ഇരിങ്ങാലക്കുട: ഹാൾ ടിക്കറ്റ് ലഭിക്കാഞ്ഞതിനെ തുടർന്ന് മുപ്പതോളം വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകുമെന്ന് ഉറപ്പായി. ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പിൽ പ്രവർത്തിക്കുന്ന ഭാരതീയാർ സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസകേന്ദ്രമായ ലോർഡ്സ് അക്കാദമിയിലെ വിദ്യാർഥികളാണ് പ്രതിസന്ധിയിൽ ആയിരിക്കുന്നത്. എംബിഎ, എംകോം, എംസിഎ, ബികോം കോഴ്സുകളിലെ വിവിധ വർഷങ്ങളിലെ പരീക്ഷകൾക്കായി നേരത്തെ തന്നെ ഫീസടച്ച വിദ്യാർഥികൾക്കാണ് തിങ്കളാഴ്ച മുതൽ ക്രൈസ്റ്റ് കോളേജിലെ സെൻ്ററിൽ ആരംഭിക്കുന്ന പരീക്ഷകൾ എഴുതാനുള്ള അവസരം നഷ്ടമാകുന്നത്. തങ്ങൾ സമയബന്ധിതമായി അടച്ച പരീക്ഷാ ഫീസ്, സർവകലാശാലയിൽ കൃത്യമായി അടയ്ക്കുന്നതിൽ ലോർഡ്സ് അക്കാദമി അധിക്യതർ പരാജയപ്പെട്ടുവെന്നും പണവും സമയവും നഷ്ടപ്പെട്ടുവെന്നും കാണിച്ച് വിദ്യാർഥികൾ പോലീസിൽ പരാതി നല്കി. രക്ഷിതാക്കൾക്കൊപ്പം എത്തിയാണ് വിദ്യാർഥികൾ പരാതി നല്കിയത്. നേരത്തെ അക്കാദമിയിൽ എത്തി വിദ്യാർഥികൾ മാനേജ്മെൻ്റിൽ നിന്ന് വിശദീകരണം തേടിയിരുന്നു.എന്നാൽ തങ്ങൾ സർവകലാശാലയിൽ കൃത്യമായി പണം അടച്ചിട്ടുണ്ടെന്നും ഹാൾ ടിക്കറ്റുകൾ അയക്കുന്നതിൽ സർവകലശാലക്ക് പിഴവ് സംഭവിച്ചതാണെന്നും ജില്ലയിലെ മറ്റ് ചില സ്ഥാപനങ്ങളിലെ വിദ്യാർഥികളും സമാനമായ പ്രതിസന്ധി നേരിടുന്നുണ്ടെന്നും ബ്രാഞ്ച് മേധാവി ശ്രീരൂപ, സ്റ്റാഫ് ശാരി എന്നിവർ ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. അടുത്ത മാസം രണ്ടിന് സർവകലാശാലയിൽ നേരിട്ട് ചെന്ന് ലോർഡ്സ് അക്കാദമി വിശദീകരണം തേടുമെന്നും മൂന്നിന് സ്റ്റേഷനിൽ എത്തി ഇവർ വിശദീകരണം നല്കുമെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Please follow and like us: