കുർബാന വിവാദം; ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ചും രാജി ആവശ്യപ്പെട്ടും രൂപത ആസ്ഥാനത്ത് വിശ്വാസികൾ..
ഇരിങ്ങാലക്കുട: കുർബാന വിവാദത്തിൽ രൂപത ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ചും ബിഷപ്പിൻ്റെ രാജി ആവശ്യപ്പെട്ടും വിശ്വാസികൾ. വൈകീട്ട് എഴിനാണ് രൂപത കാര്യാലയം ചേരി തിരിഞ്ഞുള്ള പ്രതിഷേധങ്ങൾക്കും മുദ്രാവാക്യം വിളികൾക്കും വേദിയായത്. രൂപതയിൽ എകീക്യത കുർബാന നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഇറക്കിയ ഉത്തരവിൽ പ്രതിഷേധിച്ച്, ഒരു വിഭാഗം വൈദികർ രൂപത മന്ദിരത്തിൽ എത്തിയിരുന്നു. ബിഷപ്പ് രാജി വയ്ക്കണമെന്ന ആവശ്യം വരെ ഇവരിൽ നിന്ന് ഉയർന്നിരുന്നു. വൈകീട്ട് 7 ന് കടുപ്പശ്ശേരി തിരുഹൃദയ ദേവാലയ സംരക്ഷണ സമിതിയുടെ നേത്യത്വത്തിലാണ് വിഭാഗം വിശ്വാസികൾ എത്തിയാണ് ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ചത്. സിറോ മലബാർ സഭയുടെ അൽമായ കമ്മീഷൻ സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി ,ബിജു കൊടിയൻ, ഡേവിസ് ഇടപ്പിള്ളി ,ജോയ് കോക്കാട്ട് എന്നിവർ നേത്യത്വം നല്കി. ബിഷപ്പിനെ എതിർത്തു കൊണ്ടുള്ള ഒരു വിഭാഗം വൈദികരുടെ നിലപാട് നിർഭാഗ്യകരമാണെന്നും മറ്റ് ഇടവകകളിൽ നിന്നും അടുത്ത ദിവസങ്ങളിൽ ബിഷപ്പിന് പിന്തുണയുമായി കൂടുതൽ പേർ എത്തുമെന്നും ഇവർ പറഞ്ഞു.
ഇതിന് തൊട്ട് പിന്നാലെ ബിഷപ്പിനെ വിമർശിച്ച് അൽമായ മുന്നേറ്റത്തിൻ്റെ പേരിൽ ഒരു വിഭാഗം വിശ്വാസികൾ പ്രകടനമായി രൂപത ആസ്ഥാനത്ത് എത്തി കഴിഞ്ഞ ദിവസം ബിഷപ്പ് ഇറക്കിയ വിജ്ഞാപനത്തിൻ്റെ കോപ്പി കത്തിച്ചു.വിൽസൻ കല്ലൻ, കെ കെ ജോൺസൻ, വി വി പൗലോസ്, പി ആർ ജോജോ എന്നിവർ നേതൃത്വം നല്കി.