രാജി പ്രഖ്യാപനം പിൻവലിച്ച് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ ; ഉൽസവാഘോഷസംഘാടക സമിതി യോഗം 18 ന്…
ഇരിങ്ങാലക്കുട: കൂടൽമാണിക്യദേവസ്വം ചെയർമാൻ ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽ നിന്നുള്ള രാജി പ്രഖ്യാപനം പിൻവലിച്ച് പ്രദീപ് മേനോൻ.രാജി വച്ചതായും തനിക്ക് പാർട്ടിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും പ്രചരിച്ച മാധ്യമ വാർത്തകൾ തെറ്റാണെന്ന് ഇന്ന് വൈകീട്ട് മാധ്യമങ്ങൾക്ക് നല്കിയ പത്രക്കുറിപ്പിൽ പ്രദീപ് മേനോൻ വ്യക്തമാക്കിയിട്ടുണ്ട്. നാളെ നടക്കാനിരുന്ന ഉൽസവാഘോഷ സംഘാടകസമിതി യോഗം മാറ്റിവച്ചത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നും 18 ന് വൈകീട്ട് 4 ന് യോഗം ചേരുമെന്നും പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാൽ ദേവസ്വം ചെയർമാൻ ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽ നിന്ന് രാജി വയ്ക്കുകയാണെന്ന് പ്രദീപ് മേനോൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനെ ചൊല്ലി പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് നിമിത്തമായതെന്ന് സൂചനകൾ ഉയർന്നിരുന്നു. രാജി പ്രഖ്യാപനം മാധ്യമങ്ങളിൽ നിറഞ്ഞതോടെ പാർട്ടി മുൻകൈ എടുത്ത് നടത്തിയ ഇടപെടലുകളെ തുടർന്നാണ് തീരുമാനങ്ങൾ പിൻവലിച്ചിരിക്കുന്നത്. പാർട്ടിക്ക് വിധേയനായി താൻ തുടരുമെന്ന് കഴിഞ്ഞ ദിവസം രാത്രി തന്നെ പ്രദീപ് മേനോൻ വിശദീകരിച്ചിരുന്നു. ഇന്ന് രാവിലെ സിപിഎം എരിയ കമ്മിറ്റി അംഗം പ്രദീപ് മേനോൻ്റെ വസതിയിൽ എത്തി ചർച്ച നടത്തിയിരുന്നു.