ഭിന്നിപ്പുകളുടെയും അസഹിഷ്ണുതകളുടെയും കാലത്ത് സമൂഹത്തിന് ശരിയായ ദിശാബോധം പകരാൻ ഫിലിം സൊസൈറ്റി പോലുള്ള ബദൽ പ്രസ്ഥാനങ്ങൾക്ക് നിർണ്ണായക പങ്കെന്ന് മന്ത്രി ഡോ. ആർ ബിന്ദു…
ഇരിങ്ങാലക്കുട: ഭിന്നിപ്പുകളും
അസഹിഷ്ണുതകളും കത്തിക്കാളുന്ന
കാലത്ത് സമൂഹത്തിന് ശരിയായ
ദിശാബോധം പകരാൻ ഫിലിം
സൊസൈറ്റി പോലുള്ള ബദൽ
പ്രസ്ഥാനങ്ങൾക്ക് എറെ പങ്ക്
വഹിക്കാനുണ്ടെന്ന് ഉന്നത
വിദ്യാഭ്യാസമന്ത്രി ഡോ ആർ ബിന്ദു.
ഇരിങ്ങാലക്കുട ഫിലിം
സൊസൈറ്റിയുടെ വാർഷികയോഗം
ഓർമ്മ ഹാളിൽ ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു
മന്ത്രി.ആധുനിക സമൂഹത്തിൽ ഏറ്റവും
സ്വാധീനം ചെലുത്തുന്ന
കലാരൂപങ്ങളിൽ ഒന്നായി സിനിമ
മാറിക്കഴിഞ്ഞു. താരങ്ങളുടെ സ്വാധീനം
തിരിച്ചറിയുമ്പോൾ തന്നെ ബദൽ
വായനകളും ബദൽ സമീപനങ്ങളും
ഉണ്ടായി വരുന്നു എന്നത്
സന്തോഷകരമാണ്. മനുഷ്യൻ എന്ന
നിലയിലുള്ള രൂപീകരണത്തിനും
ഭാവുകത്വ പരിണാമത്തിനും
ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി
കൂട്ടായ്മയും ഇതു വഴി കണ്ട
സിനിമകളും നിർണ്ണായകമായ
സ്വാധീനമാണ് തന്റെ സ്കൂൾ
പഠനകാലത്ത് ചെലുത്തിയതെന്നും
മന്ത്രി പറഞ്ഞു. സൊസൈറ്റി പ്രസിഡണ്ട്
വി ആർ സുകുമാരൻ
അധ്യക്ഷനായിരുന്നു.
അഭിനയത്തിനുള്ള സ്പെഷ്യൽ ജൂറി
പുരസ്കാരം നേടിയ സിജി പ്രദീപിനെ
ചടങ്ങിൽ ആദരിച്ചു. തൃശൂർ ചലച്ചിത്ര കേന്ദ്ര ഡയറക്ടർ ചെറിയാൻ ജോസഫ് മുഖ്യാതിഥി ആയിരുന്നു. സെക്രട്ടറി നവീൻ
ഭഗീരഥൻ റിപ്പോർട്ടും ട്രഷറർ ടി ജി
സച്ചിത്ത് വരവ് ചിലവ് കണക്കുകളും
എക്സിക്യൂട്ടീവ് അംഗം രാധാകൃഷ്ണൻ
വെട്ടത്ത് അനുശോചനപ്രമേയവും
അവതരിപ്പിച്ചു. രക്ഷാധികാരി പി കെ
ഭരതൻമാസ്റ്റർ ആശംസകൾ നേർന്നു.
വൈസ് പ്രസിഡണ്ട് മനീഷ് അരിക്കാട്ട്
സ്വാഗതവും ജോയിന്റ് സെക്രട്ടറി ജോസ്
മാമ്പിള്ളി നന്ദിയും പറഞ്ഞു.