പൊതുനിരത്തുകൾ സ്വന്തമാക്കി വനിതകൾ; ‘ഓറഞ്ച് ദ വേൾഡ്’ പ്രചാരണത്തിന്റെ ഭാഗമായി രാത്രി നടത്തം
ഇരിങ്ങാലക്കുട: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും ലിംഗവിവേചനത്തിനും എതിരെയുള്ള ‘ഓറഞ്ച് ദ വേൾഡ്’ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിൽ വനിതാ ശിശു വികസന വകുപ്പ് വനിതകൾക്കായി ‘രാത്രി നടത്തം’ സംഘടിപ്പിച്ചു. പൊതുഇടങ്ങൾ സ്ത്രീകളുടേതുമാണെന്ന സന്ദേശം സമൂഹത്തിന്റെ എല്ലാ തട്ടിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാത്രി നടത്തം സംഘടിപ്പിച്ചത്.
സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു, ജില്ലാ കലക്ടർ ഹരിത വി കുമാർ എന്നിവർക്കൊപ്പം സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ, റസിഡന്റ് അസോസിയേഷൻ, കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർ വിവിധ പ്രദേശങ്ങളിൽ നൈറ്റ് വാക് പ്രചരണത്തിന്റെ ഭാഗമായി.
ഡിസംബർ 10 ന് രാത്രി 11.00 മണിയ്ക്ക് തൃശൂർ ടൗണിലെ പത്തോളം സ്ഥലങ്ങളിൽ നിന്നും ആരംഭിച്ച ‘നൈറ്റ് വാക് ‘ തെക്കേ ഗോപുര നടയിൽ രാത്രി 2.00 മണിക്ക് സമാപിച്ചു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നിന്ന് സംഘടിപ്പിച്ച രാത്രി നടത്തം മന്ത്രി ആർ ബിന്ദു
ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ഇരിങ്ങാലക്കുട സി.ഡി.പി.ഒ, എം ഷംസാദ് ദീപം തെളിയിച്ച് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കാട്ടൂർ, കാറളം ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ള സംഘങ്ങൾ പൊറത്തിശ്ശേരി മഹാത്മാ സ്കൂൾ വരെയും പറപ്പൂക്കര, മുരിയാട് ഗ്രാമപഞ്ചായത്തുകളിൽ നിന്നുമുള്ള സംഘം മാടായിക്കോണം സ്കൂൾ വരെയും നടന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്തു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 400 ന് അടുത്ത് വനിതകൾ രാത്രി നടത്തത്തിന്റെ ഭാഗമായി.