നൂറുദിന കർമ്മ പദ്ധതിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്

നൂറുദിന കർമ്മ പദ്ധതിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്

മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്തിൽ നൂറുദിന കർമ്മപരിപാടികൾക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന നൂറുദിന കർമ്മപരിപാടിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു. ചടങ്ങിൽ പ്രാണ ഡയാലിസിസ് സഹായം, ഗ്രീൻ മുരിയാട് യൂട്യൂബ് ചാനൽ, എസ് സി/എസ് ടി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം തുടങ്ങിയവയുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. തുടർന്ന് കോവിഡ് വാക്സിനേഷനായി പറയ്ക്കൽ ക്ഷേത്രം ഹാൾ വിട്ടുനൽകിയ
അധികാരികൾ, ഡിസിസി സെൻ്ററിനായി സ്കൂൾ നൽകിയ ശ്രീകൃഷ്ണ സ്കൂൾ മാനേജർ, കോവിഡ് കാലത്ത് പഞ്ചായത്തിൽ സേവനമനുഷ്ഠിച്ച ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ, സി എച്ച് സി സൂപ്രണ്ടൻ്റ് ഡോ.രാജീവ്, സി എച്ച് സി, പി എച്ച് സി ജീവനക്കാർ, ആശാവർക്കർമാർ, കോവിഡ് ബ്രിഗേഡ് അംഗങ്ങൾ തുടങ്ങിയവരെ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ആദരിച്ചു.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പദ്ധതി നിർവഹണത്തിൽ
ഗ്രാമപഞ്ചായത്തുകൾക്ക് ഏറെ പരിമിതികളുണ്ടായിരുന്നു. ഇതിനെ മറികടക്കുന്നതിനും വികസന പ്രവർത്തനങ്ങളുടെ ഗതിവേഗം വർദ്ധിപ്പിക്കുന്നതിനും സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനുമായാണ് മുരിയാട് ഗ്രാമപഞ്ചായത്ത് നൂറുദിന കർമ്മ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഡയാലിസിസ് രോഗികൾക്ക് സമാശ്വാസമായി ‘പ്രാണാ’ ചികിത്സാ സഹായ പദ്ധതി, ‘ഗ്രീൻ മുരിയാട് ‘ യൂട്യൂബ് ചാനൽ, വാഴഗ്രാമം, കേരനാട് മുരിയാട്, 17 വാർഡുകളിലും ‘സേവാഗ്രാം’ ഗ്രാമകേന്ദ്രങ്ങൾ,
വില്ലേജ് തോറും മിയോ വാക്കി വനങ്ങൾ, കായികരംഗത്ത് പുത്തനുണർവിനായി ‘മുരിയാട് സ്പോർട്സ് പ്രമോഷൻ, വില്ലേജ് തോറും വയോ ക്ലബ്ബുകൾ,
ഔഷധസസ്യ പദ്ധതി, കുടുംബശ്രീ കിയോസ്ക്, മിനി എംസിഎഫ് സെൻ്ററുകൾ, വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, ഷീ ക്യാന്‍ കരാട്ടെ പരിശീലനം, പുതിയ പൊതുമരാമത്ത് പദ്ധതികളുടെയും സമയബന്ധിതമായ പൂർത്തീകരണം തുടങ്ങിയ നൂറിൽപ്പരം പദ്ധതികളാണ് നൂറുദിന കർമ്മ പരിപാടിയിൽ വിഭാവനം ചെയ്യുന്നത്.

മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ
ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, ഭരണസമിതി അംഗങ്ങളായ തോമസ് തൊലകത്ത്, എസ് സുനിൽകുമാർ, സിജി വത്സൻ, വൃന്ദകുമാരി, ജിനി സതീശൻ, സരിത സുരേഷ്, നികിത അനൂപ്, സേവിയർ ആളുക്കാരൻ, മനീഷ മനീഷ്, മണി സജയൻ, നിത അർജുനൻ, നിത അർജുനൻ, പി പ്രജീഷ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി പ്രശാന്ത് സ്വാഗതവും ഭരണസമിതി അംഗം ശ്രീജിത്ത് പട്ടത്ത് നന്ദിയും പറഞ്ഞു.

Please follow and like us: