രാജി പ്രഖ്യാപനത്തിൽ അയവെന്ന് സൂചന; എന്നും പാർട്ടിക്ക് വിധേയൻ എന്ന് വ്യക്തമാക്കി ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ..
ഇരിങ്ങാലക്കുട: രാജി പ്രഖ്യാപനത്തിന് ശേഷം ഉയർന്ന വിവാദങ്ങളെ തുടർന്ന് വിശദീകരണവുമായി ശ്രീ കൂടൽമാണിക്യദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ. താനുമായി ബന്ധപ്പെട്ട് സിപിഎമ്മിന് എതിരെ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും സിപിഎമ്മിന് വിധേയനായി താൻ തുടരുമെന്നും മാധ്യമങ്ങൾക്ക് നല്കിയ പത്രക്കുറിപ്പിൽ പ്രദീപ് മേനോൻ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ വിശദീകരണങ്ങൾക്കായി ഫസ്റ്റ് എഡീഷ്യൻ ന്യൂസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വ്യക്തിപരമായ കാരണങ്ങളാൽ താൻ ദേവസ്വം ചെയർമാൻ ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ രാജി വയ്ക്കുകയാണെന്ന് ഇന്ന് വൈകീട്ട് നാലരയോടെ പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിക്ക് കാരണമെന്നും ഫസ്റ്റ് എഡിഷ്യൻ ന്യൂസിനോട് സൂചിപ്പിച്ചിരുന്നു.ഇതേ തുടർന്ന് പാർട്ടി കേന്ദ്രങ്ങളിൽ നിന്നുള്ള ഇടപെടലുകളെ തുടർന്നാണ് തീരുമാനത്തിൽ അയവ് വരുത്തി കൊണ്ടുള്ള നിലപാട് എന്നാണ് സൂചന.രാജി പ്രഖ്യാപനം പിൻവലിക്കണമെന്ന് ദേവസ്വത്തിൻ്റെ കീഴേടങ്ങളുടെ വാട്ട്സ്അപ്പ് ഗ്രൂപ്പുകളിലും ഭക്തജനങ്ങളുടെ കൂട്ടായ്മ ഗ്രൂപ്പുകളിലും നിന്ന് ആവശ്യമുയർന്നിരുന്നു.