കൂടൽമാണിക്യദേവസ്വ ചെയർമാൻ ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ പ്രദീപ് മേനോൻ രാജി വച്ചു;പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ രാജിക്ക് കാരണമെന്ന് വിശദീകരണം..
ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യദേവസ്വം ഉൾപ്പെടെ വിവിധ പ്രസ്ഥാനങ്ങളിൽ സജീവമായിരുന്ന പ്രദീപ് മേനോൻ സ്ഥാനങ്ങൾ രാജി വച്ചു. ദേവസ്വം ചെയർമാൻ, പ്രവാസി ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനി സിഇഒ, ആർദ്രം കോഓർഡിനേറ്റർ, കല്ലംകുന്ന് ബാങ്ക് ഭരണസമിതി അംഗം എന്നീ സ്ഥാനങ്ങളിൽ നിന്ന് രാജി വയ്ക്കുകയാണെന്നാണ് മാധ്യമങ്ങൾക്ക് നല്കിയ സന്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിക്ക് കാരണമെന്നും കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം വ്യക്തമാക്കുമെന്നും പ്രദീപ് മേനോൻ ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. കല്ലം കുന്ന് ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയങ്ങളാണ് രാജിക്ക് കാരണമായതെന്നാണ് സൂചന. ഭരണ സമിതി തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയം നേടിയെങ്കിലും ബാങ്കിൻ്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് പ്രദീപ് മേനോനെ സിപിഎം പരിഗണിച്ചില്ല.ഇതിൽ പ്രകോപിതനായിട്ടാണ് രാജിയെന്നാണ് സൂചന. എന്നാൽ ഒന്നിൽ അധികം സ്ഥാനങ്ങളിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന പാർട്ടി നയമനുസരിച്ചാണ് ബാങ്ക് നേത്യത്വത്തിൽ മാറ്റം വരുത്തിയതെന്ന് പാർട്ടി കേന്ദ്രങ്ങൾ പറയുന്നു. എന്നാൽ ദേവസ്വം ചെയർമാൻ ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെ പൊതുസമൂഹത്തിൽ ജനകീയനായ പ്രദീപ് മേനോൻ്റെ രാജി കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് വിഷയത്തിൽ പ്രതിരോധത്തിലായ പാർട്ടിയെ കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്ന് വ്യക്തമായിട്ടുണ്ട്.