ഇരിങ്ങാലക്കുട നഗരസഭ ചാലാംപാടം ഉപതെരഞ്ഞെടുപ്പ്;യുഡിഎഫ് സീറ്റ് നിലനിറുത്തി; വിജയം 151 വോട്ടിന്

ഇരിങ്ങാലക്കുട നഗരസഭ ചാലാംപാടം ഉപതെരഞ്ഞെടുപ്പ്;യുഡിഎഫ് സീറ്റ് നിലനിറുത്തി; വിജയം 151 വോട്ടിന്

 

ഇരിങ്ങാലക്കുട: നഗരസഭ 18-ാം വാര്‍ഡ് ചാലാംപാടം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 151 വോട്ടിൻ്റെ വിജയം.1105 വോട്ടര്‍മാരില്‍ 841 പേര്‍ വോട്ട് രേഖപ്പെടുത്തിയതില്‍ കോണ്‍ഗ്രസിന്റെ മിനി ജോസിന് 487 വോട്ടും എല്‍ഡിഎഫിന്റെ അഖിന്‍ രാജ് ആന്റണിക്കു 336 വോട്ടും ബിജെപി സ്ഥാനാര്‍ഥി ജോര്‍ജ് ആളൂക്കാരന് 18 വോട്ടുകളുമാണു ലഭിച്ചത്. 2020 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ജോസ് ചാക്കോള 602 വോട്ടുകള്‍ക്കാണു വിജയിച്ചത്. 2015 ല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണായിരുന്ന നിമ്യ ഷിജു 283 വോട്ടുകള്‍ക്കാണ് ഈ വാര്‍ഡില്‍ നിന്നും വിജയിച്ചത്. മുന്‍ കൗണ്‍സിലര്‍ ജോസ് ചാക്കോള മെയ് എട്ടിനു കോവിഡ് മൂലം മരണപ്പെട്ടതോടയൊണു ഭാര്യ മിനി ജോസ് സ്ഥാനാര്‍ഥി ആയത്. എന്നാല്‍ 2020 ല്‍ ലഭിച്ച ഭൂരിപക്ഷം ലഭിക്കാത്തതും ഭൂരിപക്ഷം കുറഞ്ഞതും കോണ്‍ഗ്രസ് ക്യാമ്പില്‍ വിജയതിളക്കത്തെ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. എൽ ഡിഎഫ് ഭരണ സ്വാധീനം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചതാണ് ഭൂരിപക്ഷം കുറയാൻ കാരണമായതെന്നാണ് നഗരസഭ ഭരണനേത്യത്വം നല്കുന്ന വിശദീകരണം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഖിന്‍ രാജ് ആന്റണിക്കു 2020 ല്‍ 115 വോട്ടുകളാണു ലഭിച്ചതെങ്കില്‍ ഇത്തവണ 336 വോട്ടുകളായി വര്‍ധിച്ചു. 2020 ല്‍ ബിജെപിക്കു 22 വോട്ടുകള്‍ ലഭിച്ചത് ഇത്തവണ 18 വോട്ടുകളായി കുറഞ്ഞു. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ വാര്‍ഡിലെ പ്രശ്‌നങ്ങള്‍ വോട്ടര്‍മാരെ ബോധ്യപ്പെടുത്തുവാന്‍ കഴിഞ്ഞതാണു മത്സരം കടുത്തതാകാന്‍ കാരണമായതെന്നും വോട്ടിംഗില്‍ വര്‍ധനവ് ഉണ്ടാക്കുവാന്‍ സാധിച്ചതെന്നുമാണ് എല്‍ഡിഎഫിന്റെ വിലയിരുത്തൽ. ചാലാംപാടം വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തിയതോടെ കൗണ്‍സിലില്‍ യുഡിഎഫിന് 17 നും എല്‍ഡിഎഫിന് 16 നും ബിജെപിക്കു എട്ടും അംഗങ്ങളാണ് ഉള്ളത്. ഒരംഗത്തിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തുന്നത്.രാവിലെ 10 ന് കൗൺസിൽ ഹാളിൽ നടന്ന വോട്ടെണ്ണലിനും ഫലപ്രഖ്യാനത്തിനും റിട്ടേണിംഗ് ഓഫീസർ സി റ്റി. യമുനാദേവി നേത്യത്വം നല്കി.

Please follow and like us: