ചാലാംപാടം ഉപതെരഞ്ഞെടുപ്പ്; പോളിംഗ് 76.10 ശതമാനം; വിജയപ്രതീക്ഷയില്‍ മുന്നണികള്‍
ഇരിങ്ങാലക്കുട: നഗരസഭ 18-ാം വാര്‍ഡ് ചാലാംപാടം ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം ഇത്തവണയും നിലനിര്‍ത്തി. 76.10 ശതമാനമാണു പോളിംഗ്. 1105 വോട്ടര്‍മാരില്‍ 841 പേര്‍ വോട്ട് രേഖപ്പെടുത്തി. 2020 ല്‍ 76.98 ശതമാനവും 2015 ല്‍ 74.54 ശതമാനവുമായിരുന്നു പോളിംഗ്. രാവിലെ മുതല്‍ മന്ദഗതിയിലായിരുന്നുവെങ്കിലും ഉച്ചകഴിഞ്ഞതോടെ പോളിംഗ് ഉയരുകയായിരുന്നു. രാവിലെ പോളിംഗ് ഹാളിനു സമീപം സ്ഥാനാര്‍ഥികള്‍ വോട്ടഭ്യര്‍ഥിച്ചതു പോലീസ് ഇടപെട്ടു പിന്തിരിപ്പിച്ചു. 2020 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ജോസ് ചാക്കോള 602 വോട്ടുകള്‍ക്കാണു വിജയിച്ചത്. 2015 ല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണായിരുന്ന നിമ്യ ഷിജു 283 വോട്ടുകള്‍ക്കാണ് ഈ വാര്‍ഡില്‍ നിന്നും വിജയിച്ചത്. മരണപ്പെട്ട മുന്‍ കൗണ്‍സിലര്‍ ജോസ് ചാക്കോളയുടെ ഭാര്യ മിനി ജോസ് സ്ഥാനാര്‍ഥിയായതോടെ ഇത്തവണ വിജയം ഉറപ്പാണെന്നാണു യുഡിഎഫ് കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍, കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ വാര്‍ഡിലെ പ്രശ്‌നങ്ങള്‍ വോട്ടര്‍മാരെ ബോധ്യപ്പെടുത്തുവാന്‍ കഴിഞ്ഞതിനാല്‍ മത്സരം കടുത്തതാണെന്നും നേരിയ വോട്ടിനായാലും വിജയിക്കുവാന്‍ സാധിക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുക്കൂട്ടലുകള്‍. വോട്ടുകളില്‍ വര്‍ധനവ് ഉണ്ടാക്കുവാന്‍ സാധിക്കുമെന്നാണു ബിജെപി നേതൃത്വം വിലയിരുത്തുന്നത്. രാവിലെ മുതല്‍ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും കൗണ്‍സിലര്‍മാര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. നാളെ (ഡിസംബർ 8 ) രാവിലെ പത്തിന് കൗണ്‍സില്‍ ഹാളില്‍ വോട്ടെണ്ണല്‍ നടക്കും.