പരിഭ്രാന്തി വേണ്ട, കണ്ടത് പുലിയല്ലെന്ന് ഫോറസ്റ്റ് അധികൃതർ.

പരിഭ്രാന്തി വേണ്ട, കണ്ടത് പുലിയല്ലെന്ന്
ഫോറസ്റ്റ് അധികൃതർ.

put

ഇരിങ്ങാലക്കുട: അന്വേഷണത്തിൽ
കാൽപാടുകൾ പുലിയുടേതല്ലെന്നും
വലിയ ഇനം നായ്ക്കളുടേതാകാൻ
സാധ്യതയെന്നു വനപാലകർ. ഗ്രൗണ്ടിനു
സമീപത്തെ ചെളിയിൽ പുലിയുടെ
കാൽപാട് എന്നു സംശയിക്കുന്ന
ചിത്രങ്ങൾ വനപാലകർ പരിശോധിച്ചു.
പുലിയുടെ കാൽപാദങ്ങളെക്കാൾ
വലുപ്പം ഉള്ളവയാണ് ഇവയെന്നും
അതിനാൽ തന്നെ പുലിയുടെ ആകാൻ
സാധ്യതയില്ലെന്നും പാലപ്പിള്ളി ഫോറസ്റ്റ്
റേഞ്ച് ഓഫീസർ പ്രേം ഷമീർ പറഞ്ഞു.
വെള്ളാനിക്കരയിലെ കോളജ് ഓഫ്
ഫോറസ്റ്ററിയിൽ ഇവിടെ നിന്നു ലഭിച്ച
ചിത്രങ്ങൾ പരിശോധിച്ചതിനു ശേഷം
ലഭിച്ച ഔദ്യോഗിക മറുപടിയിലും ഈ
നിഗമനങ്ങൾ ശരിവെക്കുന്നുണ്ട്.
ഇത്തരം കാൽപാദങ്ങൾ വലിപ്പമേറിയ
വളർത്തു നായ്ക്കളുടെയാകാനാണു
സാധ്യതയെന്നു പരിശോധനയ്ക്ക
ശേഷം ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
കാൽപാദങ്ങൾ പതിഞ്ഞ പ്രദേശത്തു
കുട്ടികൾ അതിനുശേഷം കളിച്ചതിനാൽ
ഉദ്യോഗസ്ഥർക്കു നേരിട്ടു
കാൽപാദങ്ങൾ പരിശോധിക്കാനായില്ല.
സമീപത്തു വനപ്രദേശം
ഇല്ലാത്തതിനാൽ ഇരിങ്ങാലക്കുട
മേഖലയിൽ പുലിയിറങ്ങാൻ സാധ്യത
വിരളമാണെന്നാണ് ഉദ്യോഗസ്ഥരുടെ
നിഗമനം. ക്രൈസ്റ്റ് വിദ്യാനികേതന്റെ
ഗ്രൗണ്ടിലാണു കഴിഞ്ഞ രണ്ടു
ദിവസമായി പുലിയുടെ
സാന്നിധ്യമുള്ളതായി പ്രചരിച്ചത്.
പുലിയുടേതിനു സാമ്യമുള്ള
കാൽപാടുകൾ കണ്ടെത്തിയിരുന്നു.
സ്കൂളിലെ സെക്യൂരിറ്റിയും കരാർ
നിർമാണ തൊഴിലാളികളും പുലിയെ
കണ്ടതായി പറയപ്പെടുന്നുണ്ട്.
വെള്ളിയാഴ്ച രാത്രിയിൽ നേപ്പാൾ
സ്വദേശിയായ സെക്യൂരിറ്റി
ജീവനക്കാരൻ രാജു രാത്രി 10
മണിയോടെ ഗേറ്റ് അടക്കുവാൻ
പോകുമ്പോഴാണ് ആദ്യം പുലിയെ
കണ്ടത്. ശനിയാഴ്ച ഇതേ സമയത്ത്
ഇതേ സ്ഥലത്തുവെച്ചു വീണ്ടും രാജു
പുലിയെ കണ്ടതോടെ നിർമാണ
തൊഴിലാളികളായ നാഗർകോവിൽ
സ്വദേശികളായ പ്രസാദ്, നിധൻ, കമൽ
എന്നിവരെ അറിയിക്കുകയായിരുന്നു.
മുറിയുടെ മേൽക്കൂരയിൽ നിന്നും ചാടി
മതിലിലൂടെ നടന്നു കുറ്റിക്കാട്ടിലേക്കു
പുലി പോവുകയായിരുന്നുവെന്നാണു
കണ്ടവർ പറയുന്നത്.
സ്കൂളധികൃതരുടെ പരാതിയെ തുടർന്നു
പോലീസും വനംവകുപ്പും
സ്ഥലത്തെത്തി അന്വേഷണം നടത്തി.
ഒരു മാസം മുമ്പ് ആസാദ് റോഡിൽ
വല്ലച്ചിറക്കാരൻ മൈക്കിളിന്റെ
വീട്ടുപറമ്പിലും പുലിയുടേതെന്നു
തോന്നിപ്പിക്കുന്ന കാൽപാദം
കണ്ടിരുന്നു. കാട്ടുപൂച്ചയുടേതോ
പുള്ളിപുലിയുടേതോ ആണ് ഈ
കാൽപാടുകളെന്ന് അന്നു സൂചന
നൽകിയിരുന്നു. പിന്നീട് ഒരു മാസത്തിനു
ശേഷമാണ് ഇപ്പോൾ പുലിയുടെ
സാന്നിധ്യം കണ്ടതായി പറയുന്നത്.
തെരുവുനായ്ക്കൾ ഈ മേഖലയിൽ
കുറഞ്ഞതും തെരുവുനായ്ക്കളുടെ
ഉടൽ മാത്രം ഭക്ഷിച്ച രീതിയിൽ കഴിഞ്ഞ
ദിവസങ്ങളിൽ കാണപ്പെട്ടതും ഏറെ
സംശയങ്ങൾക്ക്
ഇടവരുത്തുകയായിരുന്നു.
വെള്ളിക്കുളങ്ങര ഫോറസ്റ്റ്
ഡിവിഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ
കെ.കെ. പ്രഭാകരൻ, ബീറ്റ് ഓഫീസർ
കെ.വി. ഗിരീഷ്, ഫോറസ്റ്റ് ഡ്രൈവർ
ടി.കെ. അഭിലാഷ്, ഇരിങ്ങാലക്കുട
സർക്കിൾ ഇൻസ്പെക്ടർ എസ്.പി.
സുധീരൻ, എസ്ഐ വി. ജിഷിൽ
എന്നിവരുടെ നേതൃത്വത്തിൽ
അന്വേഷണം നടത്തി. വരും
ദിവസങ്ങളിൽ ഫോറസ്റ്റ് സംഘം
രാത്രികാല പെട്രോളിംഗ് നടത്തും.
ഇനിയും ലക്ഷണങ്ങൾ
കാണുകയാണെങ്കിൽ പുലിയെ
പിടിക്കുന്നതിനുള്ള കൂടുവക്കുവാൻ
ധാരണയായി. ഗ്രൗണ്ടിനു സമീപം
സിസിടിവി ക്യാമറകൾ
സ്ഥാപിക്കുന്നുണ്ട്.

Please follow and like us: