ചാലാംപാടം വാർഡിൽ പ്രചരണ പ്രവർത്തനങ്ങൾ പൂർത്തിയായി; ‘ ചാക്കോള’ ഫാക്ടറിൽ വിജയമുറപ്പിച്ച് യുഡിഎഫ്; സ്ഥാനാർഥി മികവിൽ അട്ടിമറി വിജയം പ്രതീക്ഷിച്ച് എൽഡിഎഫ്; കരുത്ത് തെളിയിക്കാൻ ബിജെപി യും..
ഇരിങ്ങാലക്കുട: ” ചാക്കോള’ ഫാക്ടറിൽ വിജയം ഉറപ്പിച്ച് യുഡിഎഫ്.സ്ഥാനാർഥി മികവും ക്യത്യമായ പ്രവർത്തനങ്ങളും അട്ടിമറി വിജയം തേടി തരുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്. വാർഡിൽ കരുത്ത് തെളിയിക്കാൻ ബിജെപി യും. വാർഡ് 18 (ചാലാംപാടം ) ലേക്ക് ഡിസംബർ 7 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൻ്റെ പ്രചരണ പ്രവർത്തനങ്ങൾ പൂർത്തിയായപ്പോൾ മുന്നണികൾ അവതരിപ്പിക്കുന്ന ചിത്രമിങ്ങനെ.കോവിഡ് ബാധിച്ച് ഭരണകക്ഷി കൗൺസിലർ ജോസ് ചാക്കോള മെയ് 8 മരണമടഞ്ഞതാണ് ചാലാംപാടം വാർഡിൽ ഉപതിരഞ്ഞെടുപ്പിന് ഇടയാക്കിയത്.2020 ലെ തിരഞ്ഞെടുപ്പിൽ നഗരസഭയിൽ യുഡിഎഫിന് 17 ഉം എൽഡിഎഫിന് 16 ഉം ബിജെപി ക്ക് 8 ഉം സീറ്റാണ് ലഭിച്ചത്. നാമമാത്രമായ ഭൂരിപക്ഷത്തിൽ ഭരണം കയ്യാളുന്ന യുഡിഎഫിന് വിജയം അനിവാര്യമാണ്. വിജയം നിലനിറുത്താൻ ജോസ് ചാക്കോളയുടെ ഭാര്യയെ തന്നെയാണ് യുഡിഎഫ് കളത്തിൽ ഇറക്കിയത്.2020 ൽ 602 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ജോസ് ചാക്കോള ചാലാംപാടം വാർഡിൽ നിന്ന് നഗരസഭ ഭരണസമിതിയിൽ സ്ഥാനം പിടിച്ചത്. ജോസ് ചാക്കോള തുടങ്ങി വച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനുള്ള അവസരമാണ് സ്ഥാനാർത്ഥി വോട്ടർമാരോട് ചോദിക്കുന്നത്. ഭർത്താവിൻ്റെ ജനകീയ ശൈലി തുടരുമെന്ന ഉറപ്പും സ്ഥാനാർഥി നല്കുന്നുണ്ട്. വിജയം ഉറപ്പിക്കാൻ യുഡിഎഫ് നേതാക്കളുടെയും നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരിയുടെയും നേതൃത്വത്തിൽ കുടുംബയോഗങ്ങൾ അടക്കമുള്ള പ്രചരണ പ്രവർത്തനങ്ങൾ യുഡിഎഫ് പൂർത്തിയാക്കിക്കഴിഞ്ഞു.
പഠനകാലത്ത് തന്നെ പാർലമെൻ്ററി രംഗത്ത് സാന്നിധ്യം തെളിയിച്ച എൽഡിഎഫ് സ്ഥാനാർഥി അഖിൻരാജ് ആൻ്റണി ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പേ വാർഡിൽ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. 202O ലും അഖിൻരാജ് തന്നെയാണ് വാർഡിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത്. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ഡോ ആർ ബിന്ദു, എൽഡിഎഫ് നേതാക്കൾ ,കൗൺസിലർമാർ എന്നിവർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേത്യത്വം നല്കാൻ വാർഡിൽ ഉണ്ടായിരുന്നു. ചാലാം പാടത്തെ വെള്ളക്കെട്ടും പ്രദേശവാസികളുടെ താൽപര്യങ്ങൾക്ക് എതിരായി വാർഡിൽ കള്ള് ഷാപ്പ് പ്രവർത്തനം തുടങ്ങിയതുമെല്ലാം എൽഡിഎഫ് പ്രചരണ വിഷയങ്ങളാക്കിയിരുന്നു.
ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ഭരണസമിതിയിലേക്ക് കൂടുതൽ അംഗങ്ങളെ എത്തിക്കുന്ന ബിജെപിയും വാർഡിൽ ശക്തമായ മുന്നേറ്റം കാഴ്ച വയ്ക്കാനുള്ള പരിശ്രമത്തിലാണ്. പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ നേതാക്കളും കൗൺസിലർമാരും സ്ഥാനാർഥി ജോർജ്ജ് ആളൂക്കാരന് വേണ്ടി എത്തിയിരുന്നു. അറവുശാലയും കള്ള് ഷാപ്പും അടക്കമുള്ള പ്രാദേശികവിഷയങ്ങൾ ബിജെപി ഉയർത്തിക്കഴിഞ്ഞു.
ഡിസംബർ 7 ന് രാവിലെ 7 മുതൽ വൈകീട്ട് 6 വരെ ഡോൺബോസ്കോ സ്കൂളിലാണ് വോട്ടെടുപ്പ്.8 ന് കൗൺസിൽ ഹാളിലാണ് വോട്ടെണ്ണൽ