കനകമല തീർത്ഥാടന കേന്ദ്രത്തിൽ നവീകരിച്ച കുർബാനയർപ്പിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ..
ഇരിങ്ങാലക്കുട: രൂപതയുടെ തീര്‍ത്ഥാടന കേന്ദ്രമായ കനകമല കുരിശുമുടി തീര്‍ഥാടനകേന്ദ്രത്തില്‍ സിനഡ് പ്രകാരമുള്ള നവീകരിച്ച കുര്‍ബാനയര്‍പ്പിച്ച് രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ക്രിസ്തുമസിനൊരുക്കമായുള്ള നോമ്പിലെ മാസാദ്യ വെള്ളിയാഴ്ച രാവിലെ 11 നാണ് രൂപതാ മന്ദിരത്തിലെ ചാപ്പലില്‍ നവീകരിച്ച കുര്‍ബാന അര്‍പ്പിച്ചിട്ടുണ്ടെന്ന ആമുഖത്തോടെ ബിഷപ്പ് കനകമലയില്‍ സിനഡ് നിര്‍ദ്ദേശിച്ച കുര്‍ബാനയര്‍പ്പിച്ചത്. ദിവ്യബലിക്ക് തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ഷിബു നെല്ലിശേരി സഹകാര്‍മികനായിരുന്നു. ഒരു വിഭാഗം വൈദികരുടെ ആവശ്യപ്രകാരം നവംബര്‍ 27 ന് നിലവിലെ ജനാഭിമുഖ കുര്‍ബാന തുടരാമെന്ന് ബിഷപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. കുര്‍ബാനക്രമം സംബന്ധിച്ച തര്‍ക്കം തുടരുന്നതിനിടെയിലാണ് ബിഷപ്പ് തന്നെ കനകമലയില്‍ നവീകരിച്ച കുര്‍ബാനയര്‍പ്പിച്ചത്. അതേ സമയം സിനഡ് കുര്‍ബാനക്ക് വിരുദ്ധമായി കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്ന് കടുപ്പശ്ശേരി പള്ളി വികാരി ഫാ. ജെയ്സന് കുടിയിരിക്കല്‍, രൂപതയെ പ്രതിനിധീകരിച്ച് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവരെ തടയണമെന്ന് ആവശ്യപ്പെട്ട് കടുപ്പശ്ശേരി സ്വദേശികളായ പട്ടത്ത്പറമ്പില്‍ ജോര്‍ജ്, എടപ്പിള്ളി വീട്ടില്‍ ഡേവിസ് എന്നിവര്‍ ഇരിങ്ങാലക്കുട മുന്‍സിഫ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.