കരുവന്നൂർ ബാങ്ക് വിഷയത്തിൽ എരിയസമ്മേളന പ്രതിനിധികളുടെ വിമർശനങ്ങൾക്ക് മറുപടിയുമായി സിപിഎം ജില്ലാ നേതൃത്വം; വി എ മനോജ്കുമാർ സെക്രട്ടറിയായി മൂന്ന് പുതുമുഖങ്ങൾ അടക്കം 21 അംഗ എരിയ കമ്മിറ്റി…
തൃശൂർ: കരുവന്നൂർ സർവ്വീസ് സഹകരണബാങ്കിലെ നിക്ഷേപകർക്ക് പണം എത്രയും പെട്ടെന്ന് തന്നെ തിരിച്ച് നല്കുമെന്ന ജില്ലാ നേതൃത്വത്തിൻ്റെ പ്രഖ്യാപനവുമായി സിപിഐ എം ഇരിങ്ങാലക്കുട എരിയ സമ്മേളനം സമാപിച്ചു. സമ്മേളനത്തിൽ ബാങ്കുമായി ബന്ധപ്പെട്ട് പ്രതിനിധികളിൽ നിന്ന് ഉയർന്ന വിമർശനങ്ങൾക്കുള്ള ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസിൻ്റെ മറുപടിയിലാണ് ഇക്കാര്യം പരാമർശിച്ചത്. കോവിഡും ലോക്ക് ഡൗണും മൂലമാണ് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ്റെ നടപടികൾ നീണ്ടത്.ബാങ്കിലെ ക്രമക്കേടുകൾ ജില്ലാ നേത്യത്വത്തെ ക്യത്യമായി ധരിപ്പിക്കുന്നതിൽ ബാങ്കിൻ്റെ പരിധിയിൽ നിന്നുള്ള ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന് വീഴ്ച പറ്റി. ചർച്ചകൾക്ക് മറുപടിയായി പറഞ്ഞു.ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ കെ രാമചന്ദ്രൻ എംഎൽഎ, പി കെ ഡേവീസ് മാസ്റ്റർ എന്നിവരും സംസാരിച്ചു.
വി എ മനോജ്കുമാർ എരിയ സെക്രട്ടറിയായി 21 അംഗ കമ്മിറ്റിയെ സമ്മേളനം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. ഉല്ലാസ് കളക്കാട്ട്, കെ സി പ്രേമരാജൻ, വി എ മനോജ്കുമാർ, കെ ആർ വിജയ, കെ എ ഗോപി, കെ കെ സുരേഷ്ബാബു, ടി എസ് സജീവൻ മാസ്റ്റർ, ടി ജി ശങ്കരനാരായണൻ, സി ഡി സിജിത്ത്, പി എ രാമാനന്ദൻ, എൻ കെ അരവിന്ദാക്ഷൻ മാസ്റ്റർ, എം ബി രാജു മാസ്റ്റർ, ലത ചന്ദ്രൻ, ജയൻ അരിമ്പ്ര, ആർ എൽ ശ്രീലാൽ, എൻ ബി പവിത്രൻ, പി കെ മനുമോഹൻ, ടി പ്രസാദ്, ജോസ് ജെ ചിറ്റിലപ്പിള്ളി ,കെ പി ജോർജ്ജ്, എ വി അജയൻ എന്നിവരാണ് അംഗങ്ങൾ. പ്രൊഫ കെ യു അരുണൻ, കെ പി ദിവാകരൻമാസ്റ്റർ, സി വി ഷിനു, ടി എം മോഹനൻ എന്നിവരാണ് ഒഴിവായത് .പി കെ മനുമോഹൻ, ടി പ്രസാദ്, ജോസ് ജെ ചിറ്റിലപ്പിള്ളി, എന്നിവരാണ് പുതിയ അംഗങ്ങൾ. ജില്ലാ സമ്മേളന പ്രതിനിധികളായി 12 പേരെയും സമ്മേളനം തിരഞ്ഞെടുത്തു.
മുരിയാട് കോൾ മേഖലക്കായി സമഗ്ര പാക്കേജ് നടപ്പിലാക്കുക, കാത്ത് ലാബ് സൗകര്യത്തോടെ ജനറൽ ആശുപത്രിയുടെ രണ്ടാം ഘട്ട നവീകരണം പൂർത്തിയാക്കുക, മണ്ഡലത്തിൽ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹാളാണ് രണ്ട് ദിവസങ്ങളായി നടന്ന സമ്മേളനത്തിന് വേദിയായത്.