മുസിരിസിലൂടെ ചരിത്രം തേടി കുട്ടികളുടെ യാത്ര ; പൈതൃക നടത്തത്തിൽ പങ്കാളികളായത് 43 കുട്ടികൾ..

മുസിരിസിലൂടെ ചരിത്രം തേടി കുട്ടികളുടെ യാത്ര ; പൈതൃക നടത്തത്തിൽ പങ്കാളികളായത് 43 കുട്ടികൾ..

കൊടുങ്ങല്ലൂർ:പാഠപുസ്തകത്തിലെ ചരിത്രവായനയ്‌ക്കപ്പുറം ഭൂതകാലത്തോട്‌ സംസാരിക്കാനും പഴങ്കഥകളിൽ നിറഞ്ഞുനിന്ന ചരിത്രസ്മാരകങ്ങൾ നേരിൽ കാണാനും സ്‌കൂൾ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി മുസിരിസ് പൈതൃക പദ്ധതി. പൈതൃക പദ്ധതിയുടെ കീഴിൽ മുസിരിസിന്റെ പെരുമകളും കഥകളും തേടിയുള്ള സാംസ്‌കാരിക പൈതൃക മഹാമേളയ്ക്ക് കോട്ടപ്പുറം കായലോരത്ത് തുടക്കം. കൊടുങ്ങല്ലൂർ വി കെ രാജൻ മെമ്മോറിയൽ സ്കൂളിലെ കുട്ടികളുമായി ചരിത്രം തേടിയിറങ്ങിയ ബോട്ട് യാത്ര
അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

മുസിരിസ് പൈതൃക പദ്ധതി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന പൈതൃകനടത്തം പദ്ധതിയിലൂടെ കുട്ടികളിൽ ചരിത്രാവബോധം വളർത്തുക എന്നതാണ് ലക്ഷ്യം. പഴയ തുറമുഖ പട്ടണത്തിന്റെ പെരുമയെക്കുറിച്ച്‌ പറഞ്ഞും ചര്‍ച്ച ചെയ്തും മുസിരിസ് പൈതൃക പദ്ധതി പ്രദേശങ്ങളിലൂടെ അവർ നടന്നു. ചരിത്രത്തെ തേടിയുള്ള നടത്തത്തില്‍ പഴയ മുസിരിസ് പട്ടണത്തിന്റെ കേട്ടു മറന്ന കഥകളും ഇതുവരെ കേള്‍ക്കാത്ത ചരിത്ര സത്യങ്ങളും അവര്‍ പങ്കുവെച്ചു. കഥകൾക്കൊപ്പം കളികളും കൂടിയായപ്പോൾ നടത്തം കൂടുതൽ ആസ്വാദ്യകരമായി. ഓരോ ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുമ്പോഴും ആക്ടിവിറ്റി ബുക്കിലൂടെ നടത്തിയ ചോദ്യോത്തര പംക്തിയിൽ വിജയിക്കുന്നവർക്ക് ലഭിക്കുന്ന കൊച്ചു സമ്മാനങ്ങളും കുട്ടികളിൽ ആവേശം നിറച്ചു. കൂടാതെ ബാഗും തൊപ്പിയും പുസ്തകവും പേനയും അടങ്ങിയ ആക്ടിവിറ്റി കിറ്റ് കൂടി കിട്ടിയതോടെ കൂടുതൽ ‘ഹാപ്പി’യായി. ക്ലാസ് മുറികളില്‍ നിന്ന് ചരിത്രത്തിലേയ്ക്കുള്ള നടത്തം കൂടിയായി പൈതൃകനടത്തം.

വിദ്യാർത്ഥികൾക്ക് പഠന വിനോദയാത്രയിലൂടെ കേരള ചരിത്ര വസ്തുതകളെ നേരിൽ കണ്ട് അനുഭവവേദ്യമാക്കുന്ന നിലയിൽ കഥകളിലൂടെയും പലതരം കളികളിലൂടെയും മറ്റ് പ്രവർത്തികളുടെയും അവതരിപ്പിച്ച് അവരുടെ മനസ്സിലേക്ക് ചരിത്ര അവശേഷിപ്പുകൾ മനസ്സിലാക്കി കൊടുക്കുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം. സാംസ്കാരിക മേളയുടെ ആദ്യഘട്ടത്തിൽ ഏകദിനമായാണ് സംഘടിപ്പിച്ചതെങ്കിലും ഡിസംബർ 11 മുതൽ രണ്ടു ദിവസങ്ങളിലായാണ് നടത്തുക.

പാലിയം കോവിലകം, നാലുകെട്ട്, കോട്ടപ്പുറം കോട്ട, വാട്ടർ ഫ്രണ്ട്, പറവൂർ ജൂതപ്പള്ളി, ഗോതുരുത്ത് ചവിട്ട് നാടക സെന്റർ എന്നീ പ്രദേശങ്ങളാണ് ആദ്യദിനത്തിൽ സന്ദർശിച്ചത്. വി കെ രാജൻ ഗവ എച്ച് എസ് എസിലെ 43 കുട്ടികളാണ് പൈതൃകനടത്തത്തിൽ പങ്കാളികളായത്. നിലവിൽ 2022 മാർച്ച് വരെ വിവിധ ജില്ലകളിൽ നിന്നായി സർക്കാർ തലത്തിലുള്ള 50 സ്‌കൂളുകൾ പൈതൃകനടത്തത്തിനായി ബുക്ക് ചെയ്തിട്ടുണ്ടെന്ന് മുസിരിസ് പൈതൃക പദ്ധതി എം ഡി പി എം നൗഷാദ് പറഞ്ഞു.

പൈതൃകനടത്തത്തിന് സർക്കാർ തലത്തിൽ നിന്ന് വരുന്ന കുട്ടികൾക്ക് ഭക്ഷണം, താമസം, ഗൈഡ് എല്ലാം സൗജന്യമായിരിക്കും. ഡിഗ്രി വിദ്യാഭ്യാസയോഗ്യതയുള്ള സമൂഹത്തിന്റെ വിവിധ തട്ടിലുള്ള 50 ഓളം പേർക്ക് പദ്ധതിയുടെ ഭാഗമായി മുസിരിസ് അംബാസഡർ പരിശീലനം നൽകിയിട്ടുണ്ട്. ചരിത്രം അറിയുന്ന വയോധികർ അടക്കമുള്ളതാണ് ഈ ടീം. സ്‌കൂളുകളിൽ നിന്ന് ഒരു ടൂർ പോകുന്നതിനൊപ്പം കേരള ചരിത്രം കൂടി പഠിക്കാനുള്ള അവസരമാണ് വിദ്യാർത്ഥികൾക്കായി മുസിരിസ് പദ്ധതി ഒരുക്കിയിരിക്കുന്നത്.

മുസിരിസ് മ്യൂസിയം മാനേജർ മിഥുൻ സി ശേഖർ പൈതൃകനടത്തിന് നേതൃത്വം നൽകി. ചടങ്ങിൽ കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്‌സൺ എം യു ഷിനിജ അധ്യക്ഷത വഹിച്ചു. മുസിരിസ് പൈതൃക പദ്ധതി എം ഡി പി എം നൗഷാദ്, മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ, ജനപ്രതിനിധികളായ കെ എസ് കൈസാബ്, വി എം ജോണി, എൽസി പോൾ, സ്‌കൂൾ പ്രിൻസിപ്പൽ അജിത എന്നിവർ പങ്കെടുത്തു.

Please follow and like us: