വൈദികനെ മാറ്റണമെന്നും പുതിയ കുർബാനക്രമം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ രാപ്പകൽ സമരം ലക്ഷ്യം കണ്ടതായി കടുപ്പശ്ശേരി തിരുഹൃദയ ദേവാലയസംരക്ഷണസമിതി; ഒരു വിഭാഗം വൈദികരുടെ സമ്മർദ്ദത്തിന് വഴങ്ങി സിനഡ് തീരുമാനത്തിന് വിരുദ്ധമായി ബിഷപ്പ് ഉത്തരവിറക്കിയത് നല്ല പ്രവണതയല്ലെന്നും സംരക്ഷണസമിതി…
ഇരിങ്ങാലക്കുട: ആരോപണവിധേയനായ വൈദികനെ മാറ്റണമെന്നും പുതിയ കുർബാനക്രമം നടപ്പിൽ വരുത്തണമെന്നും ആവശ്യപ്പെട്ട് നടത്തിയ സമരം വിജയം കണ്ടതായി കടുപ്പശ്ശേരി തിരുഹ്യദയ ദേവാലയസംരക്ഷണ സമിതി. രൂപത നേത്യത്വവുമായി അഞ്ച് മണിക്കൂർ നടത്തിയ മാരത്തോൺ ചർച്ചയിൽ നവീകരിച്ച കുർബാന ക്രമം നടപ്പിൽ വരുത്തുന്നത് സംബന്ധിച്ച് സമിതി കോടതിയിൽ നല്കിയ ഹർജിയുടെ ഉത്തരവ് ആകുന്നത് വരെ കാത്തിരിക്കാൻ സമവായത്തിൽ എത്തിയിട്ടുണ്ട്. വികാരി ഫാ. ജയ്സൻ കുടിയിരിക്കലിൻ്റെ പ്രവൃത്തികളെ ബിഷപ്പും ചർച്ചയിൽ പങ്കെടുത്ത മുഴുവൻ വൈദികരും അപലപിച്ചതായും കാലാവധി പൂർത്തിയാക്കുന്നത് (ജനുവരി 2022) വരെ വികാരിയെ തുടരാൻ അനുവദിക്കുകയായിരുന്നുവെന്നും സീനിയർ വൈദികൻ ഫാ. ജോളി വടക്കൻ്റെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനങ്ങളെന്ന് തീരുമാനിച്ചതായും സമിതി അംഗങ്ങൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഓൺലൈൻ കുർബാന തുടരാനും രണ്ടര വർഷമായി മുടങ്ങിക്കിടക്കുന്ന പൊതുയോഗം ഡിസംബറിൽ നടത്താനും കുടുംബസമ്മേളനങ്ങൾ ചേരാനും പാരിഷ് ബുള്ളറ്റിൻ തുടങ്ങാനും സ്കൂൾ കെട്ടിട നിർമ്മാണ കമ്മിറ്റി യോഗം ചേരാനും ചർച്ചയിൽ തീരുമാനിച്ചിട്ടുണ്ട്. സഭയുടെ കൂട്ടായ്മക്ക് വേണ്ടി തങ്ങൾ വീട്ടുവീഴ്ചകൾക്ക് തയ്യാറാവുകയായിരുന്നു.എന്നാൽ വിഘടിച്ച് നില്ക്കുന്ന വൈദികരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി രൂപത ബിഷപ്പ് രാത്രി 10 മണിക്ക് സിനഡ് തീരുമാനത്തിന് വിരുദ്ധമായി ഉത്തരവിറക്കിയത് നല്ല പ്രവണതയല്ലെന്നും കടുപ്പശ്ശേരി പള്ളിയിൽ പള്ളിമേട നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകൾ ശ്രദ്ധയിൽ വന്നിട്ടില്ലെന്ന ഫാ. ജോളി വടക്കൻ പറഞ്ഞത് തെറ്റാണെന്നും സമിതി അംഗങ്ങൾ പറഞ്ഞു. കഴിഞ്ഞ രണ്ടരവർഷത്തിനുള്ളിൽ എട്ടോളം പരാതികൾ ഇത് സംബന്ധിച്ച് രൂപതയിൽ നല്കിയതാണ്. ഒന്നിനും മറുപടി ലഭിച്ചില്ല. സഭയിൽ ജനാധിപത്യമില്ലെന്നും രൂപതയിലെ നിയമാവലി അനുസരിച്ച് ജീവിക്കാൻ വൈദികർ തയ്യാറാകണമെന്നും ഒരു കോടിയിൽ അധികം രൂപ ചിലവ് ചെയ്ത് ടൂറിസ്റ്റ് ബംഗ്ലാവ് ശൈലിയിലുള്ള ആഡംബര പള്ളിമേടയാണ് കടുപ്പശ്ശേരിയിൽ പണി തീർത്തിരിക്കുന്നതെന്നും ഇത് മൂലം സ്കൂൾ നിർമ്മാണം മുടങ്ങിയെന്നും സമിതി അംഗങ്ങൾ പറഞ്ഞു. സമിതി വൈസ് – പ്രസിസണ്ട് പട്ടത്തുപറമ്പിൽ ഔസേപ്പ് സണ്ണി, സെക്രട്ടറി സിന്ധു ജിനോയ്, ട്രഷറർ സിൽജി ബെന്നി, അംഗങ്ങളായ പട്ടത്ത്പറമ്പിൽ ജോർജ് ജോബി, കോങ്കോത്ത് ജോർജ്ജ് സെബിൽ, കോങ്കോത്ത് പോൾ സിറിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.