ഇരിങ്ങാലക്കുടയിൽ യുവാക്കൾ മരിച്ച സംഭവം; മരണകാരണം വ്യാജമദ്യമല്ലെന്നും രാസപദാർത്ഥം വെള്ളത്തിൽ ഒഴിച്ച് കഴിച്ചത് മൂലമെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്…

ഇരിങ്ങാലക്കുടയിൽ യുവാക്കൾ മരിച്ച സംഭവം; മരണകാരണം വ്യാജമദ്യമല്ലെന്നും രാസപദാർത്ഥം വെള്ളത്തിൽ ഒഴിച്ച് കഴിച്ചത് മൂലമെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്…

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ രണ്ട് യുവാക്കൾ മരിച്ചത് രാസപദാർത്ഥം അടങ്ങിയ വെള്ളം കഴിച്ചതിനെ തുടർന്ന് എന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്. ഇവർ കഴിച്ചത് വ്യാജമദ്യമല്ലെന്നും മദ്യത്തിന് പകരം രാസപദാർത്ഥം അടങ്ങിയ വെള്ളമാണെന്നും കഴിച്ച് ഒരു മണിക്കൂറിനുള്ളിൽ ഇരുവരുടെയും ബോധം നഷ്ടമായെന്നും സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായെന്നും ബസ് സ്റ്റാൻ്റിന് അടുത്ത് ഇവർ കഴിച്ച കോഴിക്കടയോട് ചേർന്നുള്ള ഷെഡ്ഡ് സന്ദർശിച്ച ശേഷം റൂറൽ എസ്പി ജി പൂങ്കുഴലി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇവർ കഴിച്ചതിൻ്റെ അവശിഷ്ടങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എവിടെ നിന്ന് ഇത് ലഭിച്ചു എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലാബിൽ നിന്നുള്ള റിപ്പോർട്ടും വരുന്നതോടെ കാര്യങ്ങൾ വ്യക്തമാകുമെന്നും പോലീസ് മേധാവി സൂചിപ്പിച്ചു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിനാണ് അന്വേഷണച്ചുമതല. ഇരിങ്ങാലക്കുട ചന്തക്കുന്നിൽ ചിക്കൻ സെൻ്റർ നടത്തുന്ന കണ്ണംമ്പിള്ളി വീട്ടിൽ നിശാന്ത് (43), കാട്ടൂർ റോഡിൽ തട്ട് കട നടത്തുന്ന എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി അണക്കത്തിപറമ്പിൽ പരേതനായ ശങ്കരൻ മകൻ ബിജു (42) എന്നിവരാണ് മരിച്ചത്. എക്സൈസ് ഓഫീസിന് അടുത്തുള്ള നിശാന്തിൻ്റെ ചിക്കൻ സെൻ്ററിനോട് ചേർന്നുള്ള ഷെഡ്ഡിൽ വച്ചാണ് ഇരുവരും കഴിച്ചിട്ടുള്ളത്. അസി. എക്സൈസ് കമ്മീഷണർ എസ് ഷാനവാസും രാവിലെ തന്നെ സംഭവ സ്ഥലം സന്ദർശിച്ചു. ഫൊറൻസിക് പരിശോധനകൾക്ക് ശേഷം മാത്രമേ ഇവർ കഴിച്ചത് വ്യാജമദ്യമാണോ എന്നത് സ്ഥിരീകരിക്കാൻ കഴിയുകയുള്ളുമെന്നും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും എക്സൈസ് മേധാവി അറിയിച്ചു.

Please follow and like us: