കടുപ്പശ്ശേരി ഇടവകാംഗങ്ങൾ രൂപത ഭവനത്തിൽ നടത്തി വന്ന രാപ്പകൽ സമരം അവസാനിച്ചു; ഇടവക വികാരിയെ മാറ്റില്ല; മുൻ വികാരിക്ക് കൂടി രണ്ട് മാസത്തേക്ക് താത്കാലിക ചുമതല; പള്ളിമേട നിർമ്മാണവുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നതായി അറിവില്ലെന്നും വിശദീകരണം…
ഇരിങ്ങാലക്കുട: ആരോപണവിധേയനായ കടുപ്പശ്ശേരി പള്ളി വികാരിയെ മാറ്റണമെന്നും സിനഡ് അംഗീകരിച്ച നവീകരിച്ച കുർബാന ക്രമം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം ഇടവക വിശ്വാസികൾ ബിഷപ്പ് ഹൗസിൽ നടത്തി വന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു.രൂപത ഭവനത്തിൽ ബിഷപ്പ് മാർ പോളി കണ്ണൂക്കാടനും വികാരി ജനറാൾമാരുമായി ഇടവക വിശ്വാസികൾ നടത്തിയ മണിക്കൂറുകൾ നീണ്ട ചർച്ചയെ തുടർന്നാണിത്.ചർച്ചയിൽ ഉണ്ടാക്കിയ ധാരണ പ്രകാരം നിലവിലെ വികാരി ഫാ. ജയ്സൻ കുടിയിരിക്കലിനെ മാറ്റില്ലെങ്കിലും താത്കാലികമായി രണ്ട് മാസത്തേക്ക് മുൻ വികാരി കൂടിയായ ഫാ. ജോളി വടക്കനെ സഹായിയായി നിയമിക്കും. കുടുംബസമ്മേളനങ്ങൾ പുനരാരംഭിക്കാനും പാരീഷ് ബുള്ളറ്റിൻ ആരംഭിക്കാനും ഓൺലൈൻ കുർബാനകൾ നടപ്പിൽ വരുത്താനും രൂപത ബിഷപ്പ് നിർദ്ദേശിച്ചിട്ടുണ്ടെന്ന് രൂപത പിആർഒ കൂടിയായ ഫാ. ജോളി വടക്കൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കുർബാനകൾ നിലവിലെ വികാരിയുടെ നേത്യത്വത്തിൽ തന്നെ തുടരുമെന്നും ഒരു ചുമതലയിൽ നിന്നും വികാരിയെ ഒഴിവാക്കിയിട്ടില്ലെന്നും പളളി മേട നിർമ്മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി അറിവില്ലെന്നും സ്കൂൾ നിർമ്മാണത്തിനായി മാറ്റി വച്ചിരുന്ന ഫണ്ട് പള്ളിമേട നിർമ്മാണത്തിനായി ചിലവഴിച്ചപ്പോൾ പ്രതീക്ഷിച്ചതിൽ കൂടുതൽ ചിലവായെന്നും സ്കൂൾ കെട്ടിട നിർമ്മാണം നീണ്ട് പോയെന്നും ഇക്കാര്യം പരിഹരിക്കാൻ ശ്രമിക്കുമെന്നും ഫാ. ജോളി വടക്കൻ പറഞ്ഞു.
ചർച്ചകളിൽ തൃപ്തിയുണ്ടെന്നും നവീകരിച്ച കുർബാന ക്രമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ടെന്നും ഇക്കാര്യത്തിൽ പ്രതീക്ഷയുണ്ടെന്നും തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ വികാരി ഫാ. ജയ്സൻ കുടിയിരിക്കൽ സമ്മതിച്ചിട്ടുണ്ടെന്നും പൊതുയോഗം വിളിക്കാമെന്ന് ബിഷപ്പ് ഉറപ്പ് തന്നിട്ടുണ്ടെന്നും സമരം നടത്തിയ ഇടവക വിശ്വാസികളും പറഞ്ഞു.കഴിഞ്ഞ ദിവസം രാവിലെ എഴ് മണിയോടെയാണ് ആവശ്യങ്ങൾ ഉന്നയിച്ച് കടുപ്പശ്ശേരി പള്ളിയിൽ വിശ്വാസികൾ സമരം ആരംഭിച്ചത്. തുടർന്ന് എട്ടരയോടെ രൂപത ഭവനത്തിൽ തന്നെ അനിശ്ചിതകാല സമരം ആരംഭിക്കുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെ വികാരിയെ രൂപത ഭവനത്തിലേക്ക് വിളിച്ച് വരുത്തുകയും തുടർന്ന് ഇടവക വിശ്വാസികളുടെയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചകൾ രണ്ട് മണിയോടെയാണ് അവസാനിച്ചത്. ചർച്ചകൾ നീണ്ടപ്പോൾ, കടുപ്പശ്ശേരി ഇടവകാംഗങ്ങൾ ചർച്ച നടക്കുന്ന മുറിയുടെ മുന്നിലേക്ക് പ്ലാക്കാർഡുകളുമായി എത്തിയിരുന്നു.