ചാലക്കുടിയിൽ ആരാധനാലയത്തോട് ചേർന്ന് പൊതു സ്ഥലത്ത് മാലിന്യം തള്ളിയവർ പിടിയിൽ

ചാലക്കുടിയിൽ ആരാധനാലയത്തോട് ചേർന്ന് പൊതു സ്ഥലത്ത് മാലിന്യം തള്ളിയവർ പിടിയിൽ

 

ചാലക്കുടി: ചാലക്കുടി കണ്ണമ്പുഴ ദേവി ക്ഷേത്രത്തിനോട് ചേർന്ന വഴിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ സംഭവത്തിലെ പ്രതികളെ ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടി. ചാലക്കുടി സൗത്ത് കുരിശ് ജംഗ്ഷന് സമീപം താമസിക്കുന്ന മാവേലി വീട്ടിൽ തോമസിന്റെ മകൻ ബിജു (46 വയസ്സ്), ദേവസ്സിയുടെ മകൻ തോമസ് (63 വയസ്സ് ) ,ചാലക്കുടി പള്ളിക്കനാലിന് സമീപം താമസിക്കുന്ന തെറ്റയിൽ വീട്ടിൽ കുഞ്ഞപ്പന്റെ മകൻ വിൽസൺ ( 56 വയസ്) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി പുലർച്ചെ രണ്ട് മണിയോടെയാണ് കണ്ണമ്പുഴ ദേവീ ക്ഷേത്രത്തിന് സമീപം നീരൊഴുക്കുള്ള കാനയിൽ അജ്ഞാതർ മാലിന്യം തള്ളിയത്. രാവിലെ ക്ഷേത്രത്തിലെത്തിയവരും സമീപവാസികളും രൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊതുസ്ഥലത്തെ കാനയിൽ മാലിന്യം തള്ളിയതായി കണ്ടെത്തിയത്. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പോലീസ് നഗരസഭാധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് അവിടുത്തെ ജീവനക്കാരെത്തി ഏറെ ശ്രമകരമായാണ് മാലിന്യം നിർമ്മാർജ്ജനം ചെയ്തത്.

ഏറെ പ്രശസ്തമായ ആരാധനാലയത്തിന്റെ സമീപത്ത് നിരവധി സ്ഥലങ്ങളിലെ കുടിവെള്ള സ്രോതസ് ആയ ചാലക്കുടിപ്പുഴയിലേക്ക് നേരിട്ടെത്തുന്ന കാനയിൽ മാലിന്യം തള്ളിയതിനെ അതീവ ഗൗരവമായി കണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് മാലിന്യം തള്ളിയവരെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സംശയകരമായ മൂന്ന് വാഹനങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാലിന്യം തള്ളിയവരെയും വാഹനവും പിടികൂടിയത്.

ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ്, സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ്, സബ് ഇൻസ്പെക്ടർ എം.എസ് ഷാജൻ, ക്രൈം സ്കാഡ് അംഗങ്ങളായ ജിനു മോൻ തച്ചേത്ത് , സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ് എന്നിവരടങ്ങിയ സംഘമാണ് മാലിന്യം തള്ളിയ അജ്‌ഞാതരെ കണ്ടെത്തി പിടികൂടിയത്.

പൊതു സ്ഥലത്ത് മാലിന്യം തള്ളിയവർക്കെതിരെ പോലീസ് നടപടി കൂടാതെ ആരോഗ്യ വിഭാഗത്തിന്റെ നടപടിയും ഉണ്ടാകും.

Please follow and like us: