കാക്കാത്തുരുത്തിയിലെ വിദ്യാർഥികളുടെ ജാതി സർട്ടിഫിക്കറ്റ് വിഷയം; വിവരശേഖരണത്തിന് ഒരുങ്ങി കിർട്ടാഡ്സ് അധികൃതർ…
ഇരിങ്ങാലക്കുട: ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തതിൻ്റെ പേരിൽ തുടർ പഠനം മുടങ്ങിയ കാക്കാത്തുരുത്തിയിലെ വിദ്യാർഥികളുടെ വിഷയത്തിൽ വിവരശേഖരണത്തിന് ഒരുങ്ങി കിർട്ടാഡ്സ് അധികൃതർ.പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിൻ്റെ കീഴിൽ കോഴിക്കോട് ആസ്ഥാനമായി കിർട്ടാഡ്സ് (Kerala Institute for Research, Training and Development of SC/ST ) ഇതിൻ്റെ മുന്നോടിയായി റവന്യൂ വകുപ്പിൽ നിന്ന് വിവരങ്ങൾ തേടിക്കഴിഞ്ഞു. പടിയൂർ പഞ്ചായത്തിൽ 13, 14 വാർഡുകളിലായി താമസിക്കുന്ന പത്തോളം കുടുംബങ്ങളിൽ നിന്നുള്ള ഇരുപത് വിദ്യാർഥികളാണ് ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തതിൻ്റെ പേരിൽ ഉന്നത പഠനവും സർക്കാർ തലത്തിലുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങളും ലഭിക്കാതെ പ്രതിസന്ധി നേരിടുന്നത്. അമ്പതോളം വർഷങ്ങളായി തങ്ങളുടെ മാതാപിതാക്കൾ കാക്കാത്തുരുത്തിയിൽ താമസിച്ച് വരികയാണെന്നും പട്ടികവർഗ്ഗത്തിലെ കുറുവ സമുദായത്തിൽ ഉൾപ്പെട്ടവരാണെന്നുമാണ് വിദ്യാർഥികൾ ചൂണ്ടിക്കാണിക്കുന്നത്. തങ്ങളുടെ ജാതി നിർണ്ണയിച്ച് തരണമെന്ന് ആവശ്യപ്പെട്ട് എടതിരിഞ്ഞി സ്വദേശികളായ ഈറ്റുവെട്ടി വീട്ടിൽ മനോജ്, മുകേഷ്, കൊള്ളപ്പറമ്പിൽ സുരേഷ്, നടവരമ്പത്ത് പ്രകാശൻ, നടവരമ്പത്ത് വീട്ടിൽ രവി, കാക്കാത്തുരുത്തി വേങ്ങപ്പറമ്പിൽ സുരേഷ് എന്നിവർ 2016, 2019, 2020 വർഷങ്ങളിൽ റവന്യൂ വകുപ്പിനെ സമീപിച്ചിരുന്നു. തുടർ നടപടികൾക്കായി റവന്യൂ വകുപ്പ് തീരുമാനമെടുക്കാൻ അധികാരമുള്ള കിർട്ടാഡ്സിന് ഫയലുകൾ അയക്കുകയും ചെയ്തിരുന്നു. വിവരശേഖരണത്തിനായി കിർട്ടാഡ്സിൻ്റെ നടപടികൾ കോവിഡ് സാഹചര്യത്തിൽ നീളുകയായിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതിൻ്റെ ഭാഗമായിട്ടാണ് ഇപ്പോൾ റവന്യൂ വകുപ്പിൽ നിന്ന് വിവരങ്ങൾ തേടിയിരിക്കുന്നത്. വിശദമായ പഠനത്തിൻ്റെ ഭാഗമായി ഒരു മാസത്തിനുള്ളിൽ നേരിട്ടെത്തി ബന്ധപ്പെട്ടവരിൽ നിന്ന് വിവരങ്ങൾ തേടുമെന്നും കിർട്ടാഡ്സ് അധിക്യതർ ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു.