അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകളും പണവും കവർന്ന ആസ്സാം സ്വദേശി പിടിയിൽ
ചാലക്കുടി: അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച ആസ്സാംസ്വദേശി ഷക്കീർ അലി ( 35 ) എന്നയാളെ ചാലക്കുടി ഡിവൈഎസ്പി സി ആർ സന്തോഷ്, കൊരട്ടി സിഐ ബി കെ അരുൺ എന്നിവർ അറസ്റ്റു ചെയ്തു.
ഇക്കഴിഞ്ഞ മാസം 23 ന് രാത്രി 12.00 മണിയോടെ കൊരട്ടി കമ്യൂണിറ്റി ഹാളിനു സമീപം ജെ കെ എൻജിനിയറിങ്ങ് സ്ഥാപനത്തിലെ ജീവനക്കാർ താമസിക്കുന്ന വീട്ടിലേക്ക് ഷക്കീർ അലി അടക്കമുള്ള പ്രതികൾ അതിക്രമിച്ചു കയറി ഹാളിൽ ചാർജ്ജ് ചെയ്യാനായി വച്ചിരുന്ന 10 ഓളം മൊബൈൽ ഫോണും 10000 രൂപയും മോഷ്ടിക്കുകയായിരുന്നു.
ജെകെ കമ്പനി മാനേജരായ കോനൂർ സ്വദേശി കണ്ണംപിള്ളി വീട്ടിൽ ജോജി തോമസിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.
അസ്സം സ്വദേശികളായ പ്രതികൾ പെരുമ്പാവൂരിൽ താമസിച്ച് എറണാകുളം, തൃശ്ശൂർ, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ രാത്രി മോഷണം നടത്തി വരികയായിരുന്നു.
മോഷണം ചെയ്ത ഫോണുകളിൽ പലതും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ചാലക്കുടി ഡിവൈഎസ്പി സി ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ഈ കേസിലെ മറ്റ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാവുമെന്നും സിഐ പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.