കെഎസ്ആർടിസി ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ..
ചാലക്കുടി: തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന
സൂപ്പർ ഫാസ്റ്റ് ബസ്സിന്റെ ഡ്രൈവർ താമരശേരി കട്ടിപ്പാറ പനവിള വീട്ടിൽ ബിജു (45 വയസ്സ്) എന്നയാളെ ആക്രമിച്ച കേസിൽ മുല്ലശ്ശേരി പുവത്തൂർ രായംമരക്കാർ വീട്ടിൽ മുഹമ്മദ് സാഹിർ (27),
പാവറട്ടി മുല്ലശ്ശേരി പൂവത്തൂർ രായംമരക്കാർ വീട്ടിൽ മുഹമ്മദ് സാലി (29), മുല്ലശ്ശേരി പൂവത്തൂർ തച്ചപ്പിള്ളി വീട്ടിൽ മിഥുൻ (27)
എന്നിവരെ കൊരട്ടി സി ഐ ബി കെ അരുൺ അറസ്റ്റു ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 10.00 മണിക്കാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
പ്രതികൾ സഞ്ചരിച്ചിരുന്ന കാറിന് സൈഡ് കൊടുക്കാത്തതു സംബന്ധിച്ച് ചിറങ്ങര ദേശീയ പാത മുതൽ ബസ്സുകാരുമായി തർക്കം ഉണ്ടാവുകയും പ്രതികൾ കൈയ്യിലുണ്ടായിരുന്ന ശീതള പാനീയം ബസ്സിലെ ഡ്രൈവരുടെ ശരീരത്തിൽ തെളിക്കുകയും, ബസ്സിലെ യാത്രക്കാരുടെ ദേഹത്ത് വീഴുകയും തുടർന്ന് മുരിങ്ങൂർ ലത്തീൻ പള്ളിക്കു സമീപം വച്ച് പ്രതികൾ ബസ്സു തടഞ്ഞു നിറുത്തി സൂപ്പർ ഫാസ്റ്റ് ഡ്രൈവറെ മർദ്ദിക്കുകയുമാണുണ്ടായതെന്ന് പരാതിയിൽ പറയുന്നു.
വിവരം സ്റ്റേഷനിൽ അറിഞ്ഞ ഉടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ തോമസ്സ് മാളിയേക്കൽ സ്ഥലത്തെത്തി മൂന്ന് പ്രതികളേയും പ്രതികൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുക്കുമായിരുന്നു. സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപെടുത്തിയതിനും , കൈയ്യേറ്റം ചെയ്തതിനടക്കം വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.