ബാലസൗഹൃദ മണ്ഡലമാവാൻ കയ്പമംഗലം

ബാലസൗഹൃദ മണ്ഡലമാവാൻ കയ്പമംഗലം

കയ്പമംഗലം: കയ്പമംഗലം നിയോജകമണ്ഡലം ബാലസൗഹൃദ മണ്ഡലമാവാൻ തയ്യാറെടുക്കുന്നു. നിയോജക മണ്ഡലത്തിൽ സമഗ്ര വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചതായി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അറിയിച്ചു.

ബാലസൗഹൃദമാകുന്നതിന്റെ ഭാഗമായി കിലയുടെ നേതൃത്വത്തിൽ മണ്ഡലത്തിന് കീഴിലെ ഏഴ് പഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, അക്ഷരകൈരളി കൂട്ടായ്മ എന്നിവയിലെ പ്രധാന പ്രവർത്തകർക്ക് പരിശീലനം നൽകും. നവംബർ 24, 25 തീയതികളിലായി കിലയിൽ വെച്ചാണ് പരിശീലനം. തുടർന്ന് പി ഇ സി യോഗങ്ങൾ ചേർത്ത് പ്രവർത്തനാസൂത്രണം നടത്തി പദ്ധതി നടപ്പാക്കും.

പദ്ധതിക്ക് മുന്നോടിയായി കയ്പമംഗലം മണ്ഡലത്തിൽ വിദ്യാഭ്യാസ ശിൽപശാല സംഘടിപ്പിച്ചു.
ശിൽപശാലയിൽ മണ്ഡലത്തിലെ 78 വിദ്യാലയങ്ങളിലെയും പ്രധാനധ്യാപകർ, പി ടി എ പ്രവർത്തകർ, എസ് ആർ ജി കൺവീനർമാർ എന്നിവർ പങ്കെടുത്തു. ഏഴ് വിഷയ സമിതികളിലായാണ് മണ്ഡലത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ചാരുത, സിവിൽ സർവ്വീസ് പരിശീലനമായ സ്വമേധ, കലാമുറ്റം, സയൻഷ്യ, ഭാഷ ആന്റ് ഐടി, ജനകീയം, ഹരിതം, സ്വരക്ഷ, എന്നിങ്ങനെയുള്ള ഓരോ ഗ്രൂപ്പുകളുടെയും ചെയർമാൻമാർ പഞ്ചായത്ത് ഭാരവാഹികളാണ്.

ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ശിൽപശാല ഉദ്ഘാടനം ചെയ്തു. മതിലകം പഞ്ചായത്ത് പ്രസിഡൻ്റ് സീനത്ത് ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദന മോഹനൻ, കോർഡിനേറ്റർ ടി എസ് സജീവൻ മാസ്റ്റർ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ വിനീത മോഹൻദാസ്, കെ പി രാജൻ, എ ഇ ഒ മാരായ എം വി ദിനകരൻ, കെ വി ബീന, ബിപിസികളായ ടി എം റസിയ, പി സി സിംല, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Please follow and like us: