കൊടുങ്ങല്ലൂർ-ഇടപ്പള്ളി ദേശീയപാതാ വികസനത്തിന് 3465.82 കോടി

കൊടുങ്ങല്ലൂർ-ഇടപ്പള്ളി ദേശീയപാതാ വികസനത്തിന് 3465.82 കോടി

തൃശൂർ: :കൊടുങ്ങല്ലൂർ- ഇടപ്പള്ളി
ദേശീയപാതാ വികസനത്തിന് 3465.82 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഭാരത് മാല പദ്ധതിയില്‍ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി ദേശീയപാതാ വികസനത്തിന് തുക അനുവദിച്ചതായി അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും ദേശീയപാതാ അതോറിറ്റിക്ക് നല്‍കും. പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവശ്യമായ ഇടപെടലുകള്‍ നടത്തും. കൃത്യമായ ഇടവേളകളില്‍ പുരോഗതി വിലയിരുത്തിക്കൊണ്ട് യോഗങ്ങള്‍ ചേരുമെന്നും മന്ത്രി അറിയിച്ചു.

കൊച്ചി നഗരത്തിന്റെ വികസനക്കുതിപ്പിന് കാരണമാകുന്ന പ്രധാന ഗതാഗതമാർഗമാണ് കൊടുങ്ങല്ലൂര്‍ – ഇടപ്പള്ളി ദേശീയപാത ആറുവരിപ്പാത. എറണാകുളം – തൃശൂര്‍ ജില്ലകളിലെ ഏറ്റവും പ്രധാനപ്പെട്ട മുസിരിസ് പൈതൃക സംരക്ഷണ ടൂറിസം പദ്ധതിക്ക് വലിയ ഉണര്‍വ്വ് ഉണ്ടാക്കാന്‍ ഈ പാതയുടെ വികസനത്തിലൂടെ സാധിക്കും.

പാത യാഥാർത്ഥ്യമായാൽ തമിഴ്‌നാട്, ആന്ധ്ര, കർണാടക തുടങ്ങി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും അതുപോലെ കേരളത്തിലെ വടക്കൻ ജില്ലകളിൽ നിന്നും ഏറ്റവും എളുപ്പത്തിൽ റോഡ് മാർഗം കൊച്ചിയിലെത്താനാകും. യാത്ര, ചരക്ക് ഗതാഗതം വർധിക്കുന്നതോടെ ഈ പാത ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു തീരദേശ ഇടനാഴിയായി മാറും. ദേശീയപാതാ 66 വരുന്നതോടെ ആഭ്യന്തര ടൂറിസം മേഖലയിലും വൻവികസനത്തിന് വഴിയൊരുക്കും. ഗതാഗത സൗകര്യം വർധിക്കുന്നതോടെ മത്സ്യ വ്യാപാരകേന്ദ്രമായ ഇവിടം കേന്ദ്രീകരിച്ച് അതുമായി ബന്ധപ്പെട്ട കൂടുതൽ പുരോഗതിക്കും ഇടവരുത്തും.

കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം കാരോട് വരെ ഏകദേശം 600 കിലോമീറ്റര്‍ ദേശീയപാതാ ആറ് വരിയാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. 20 റീച്ചുകളായാണ് ദേശീയപാതാ 66 ന്റെ വികസനപ്രവര്‍ത്തനം നടക്കുന്നത്. ഇതില്‍ 16 റീച്ചുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കലും നഷ്ടപരിഹാരവിതരണവും പുരോഗമിക്കുകയാണ്. 2013ലെ ഭൂമിയേറ്റെടുക്കൽ ചട്ട പ്രകാരം നഷ്ടപരിഹാരമായി രണ്ടിരട്ടി തുകയാണ് ഭൂവുടമകൾക്കു ലഭിക്കുന്നത്. തൃശൂർ ജില്ലയെ കൂടാതെ എറണാകുളം, മലപ്പുറം ജില്ലകളിലും നഷ്ടപരിഹാര വിതരണം ആരംഭിച്ചു കഴിഞ്ഞു. ആറ് മാസത്തിനകം നഷ്ടപരിഹാര വിതരണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

Please follow and like us: