ഫണ്ടിന്റെ അപര്യാപ്തത, കുട്ടംകുളം മതില് പുനര്‍നിര്‍മ്മാണം നീളുന്നു ;താത്കാലിക വേലിയും ഭാഗികമായി തകർന്ന അവസ്ഥയിൽ;
ക്ഷേത്രക്കുളത്തില്‍ അപകടമുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ഫയര്‍ഫോഴ്സ് അധിക്യതർ.
ഇരിങ്ങാലക്കുട: കനത്ത മഴയിൽ തകര്‍ന്ന ശ്രീകൂടൽമാണിക്യ ക്ഷേത്രം കുട്ടംകുളത്തിൻ്റെ മതില് നിർമ്മാണം അനിശ്ചിതാവസ്ഥയിൽ. സാങ്കേതിക തടസവും ഫണ്ടിന്റെ അപര്യാപ്തതയുമാണു പുനര്‍ നിര്‍മാണം നീളുവാന്‍ കാരണമാകുന്നതെന്നു ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് പറഞ്ഞു. 2021 മെയ് 16 നാണു കനത്ത മഴയില്‍ കുട്ടംകുളം തെക്കേ മതില് തകര്‍ന്നു വീണത്. ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായി ഉയര്‍ത്തിയ പന്തലിനു സമീപമാണു മതില് തകര്‍ന്നതെങ്കിലും പന്തല്‍ തകരാഞ്ഞതു വലിയ അപകടങ്ങള്‍ ഉണ്ടാക്കിയില്ല. മതില് തകര്‍ന്നതോടെ അപകട മുന്നറിയിപ്പ് നല്കി ബോര്‍ഡുകള്‍ സ്ഥാപിച്ചും വേലികെട്ടിയും താത്കാലിക സംവിധാനം ഏര്‍പ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ താത്കാലിക വേലി തകര്‍ന്ന അവസ്ഥയിലാണ്. രാത്രി സമയങ്ങളില്‍ ഇവിടത്തെ വെളിച്ചകുറവ് മൂലം വാഹനങ്ങള്‍ ഈ കുളത്തില്‍ വീഴാന്‍ സാധ്യതയേറെയാണെന്ന് ഭക്തജനങ്ങൾ തന്നെ ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മതിൽ നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചതായി പ്രചരണം ഉണ്ടായിരുന്നുവെങ്കിലും, ഔദ്യോഗികമായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ദേവസ്വം വ്യക്തമാക്കുന്നത്.മതില് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്, മണ്ഡലത്തില്‍ നിന്നുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര് ബിന്ദു, ദേവസ്വം കമ്മീഷണർഎന്നിവര്ക്ക് ഇപ്പോൾ ദേവസ്വം കത്ത് നല്‍കിയിട്ടുണ്ട്. രണ്ടരക്കോടി രൂപയുടെ പദ്ധതിയാണു നല്‍കിയിരിക്കുന്നത്. ഇന്ന് കുളത്തില്‍ വീണു കുട്ടി മരിച്ചതോടെ അടിക്കടി ഉണ്ടാവുന്ന മുങ്ങിമരണങ്ങള്‍ ഒഴിവാക്കുന്നതിനായി അപകടമുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഫയര്‍ ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്കു കത്തു നല്കി. ഇരിങ്ങാലക്കുട അഗ്നിരക്ഷാനിലയത്തില്‍ നിന്നു മാത്രം 2020-21 വര്‍ഷ കാലയളവില്‍ നിരവധി മുങ്ങിമരണങ്ങള്‍ കൈകാര്യം ചെയ്യുകയും മൃതശരീരങ്ങള്‍ മുങ്ങിയെടുക്കുകയും ചെയ്തിട്ടുണ്ട്. കുളത്തിന്റെ ആഴം, ചെളി എന്നിവയെക്കുറിച്ചു ധാരണയില്ലാതെ കുളിക്കാന്‍ ഇറങ്ങി അപകടത്തില്പ്പെട്ടാണു ഭൂരിഭാഗം മുങ്ങിമരണങ്ങളും സംഭവിച്ചിട്ടുള്ളത്. അതുകൊണ്ടു പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്ന രീതിയില്‍ അപകടമുന്നറിയിപ്പുകള്‍ രണ്ടു കുളങ്ങള്ക്കരികിലും സ്ഥാപിക്കുന്നത് അപകടങ്ങളുടെ തോതു കുറയ്ക്കുവാനും കടവുകളില്‍ സുരക്ഷാ ഉപകരണങ്ങളായ ലൈഫ് ബോട്ട്, ലൈഫ് ജാക്കറ്റ്, റോപ് എന്നിവ അടിയന്തിര ഉപയോഗത്തിനു വയ്ക്കുന്നത് അപകടത്തില്‍പ്പെടുന്ന ആളുകളുടെ ജീവന് എളുപ്പം രക്ഷിക്കാന്‍ സാധിക്കുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.അപകട മുന്നറിയിപ്പു ബോര്‍ഡുകളില്‍ ഫയര്‍ഫോഴ്സ്, പോലീസ്, ആംബുലന്‍സ് എന്നീ സേവനങ്ങളുടെ നമ്പര്‍ കൂടി ഉള്‍പ്പെടുത്തി പടവുകള്‍ക്കരികില്‍ സ്ഥാപിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.