നഗരസഭ വാർഡ് 18 ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർഥി നിർണ്ണയം പൂർത്തിയായി.
ഇരിങ്ങാലക്കുട: ഇരുമുന്നണികൾക്കും നിർണ്ണായകമായ നഗരസഭയിലെ വാർഡ് നമ്പർ 18 ലേക്ക് ഡിസംബർ 7 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൻ്റെ പ്രധാന മുന്നണികളുടെ സ്ഥാനാർഥി നിർണ്ണയം പൂർത്തിയായി. എൽഡിഎഫ് സ്ഥാനാർഥിയായി അഖിൻ രാജ് ആൻ്റണിയും ബിജെപി സ്ഥാനാർഥിയായി ജോർജ്ജ് ആളൂക്കാരനും നോമിനേഷനുകൾ സമർപ്പിച്ചുകഴിഞ്ഞു. ഭരണകക്ഷി കൗൺസിലർ ജോസ് ചാക്കോള കോവിഡ് ബാധിച്ച് മരണമടഞ്ഞതിനെ തുടർന്ന് അനിവാര്യമായ തിരെഞ്ഞടുപ്പിൽ, ജോസ് ചാക്കോളയുടെ ഭാര്യ മിനി ജോസ് ചാക്കോളയെ സ്ഥാനാർഥിയായി കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡണ്ടിൻ്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യുഡിഎഫ് യോഗം തീരുമാനിച്ചിട്ടുണ്ട്. നോമിനേഷൻ നാളെ സമർപ്പിക്കുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ നല്കുന്ന സൂചന.
2020 ലെ നഗരസഭ തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫിന് 17 നും എൽഡിഎഫിന് 16 ഉം ബിജെപിക്ക് 8 സീറ്റുകളാണ് ലഭിച്ചത്. ജോസ് ചാക്കോളയുടെ മരണത്തോടെ യുഡിഎഫിന് ഉണ്ടായിരുന്ന നാമമാത്രമായ ഭൂരിപക്ഷവും ഇല്ലാതായി. മേധാവിത്വം നിലനിറുത്താൻ യുഡിഎഫും അട്ടിമറി വിജയം നേടി ഭൂരിപക്ഷം ഉറപ്പിക്കാൻ എൽഡിഎഫും വാർഡിൽ കൂടുതൽ സാന്നിധ്യം തെളിയിക്കാനുമാണ് ബിജെപി യും ലക്ഷ്യമിടുന്നത്.
നമ്പർ 18 ചാലാംപാടം വാർഡിൽ 1100 ഓളം വോട്ടർമാർ ആണ് ഉള്ളത്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 602 വോട്ടിൻ്റെ ഭൂരിപക്ഷമാണ് വാർഡിൽ നിന്ന് ലഭിച്ചത്.
എൽഡിഎഫ് സ്ഥാനാർഥിയായ അഖിൻരാജ് ആൻ്റണി മൂന്നാം തവണയാണ് നഗരസഭയിലേക്ക് ജനവിധി തേടുന്നത്.41 കാരനായ അഖിൻ രാജ് കോളേജ് പഠനക്കാലത്ത് ക്രൈസ്റ്റ് കോളേജിൽ നിന്ന് യുയുസി യായും സർവകലാശാല യൂണിയൻ വൈസ് – ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബിജെപി സ്ഥാനാർഥിയായ 74 കാരനായ ജോർജ് ആളൂക്കാരൻ ആദ്യമായിട്ടാണ് ജനവിധി തേടുന്നത്. ഠാണാവിൽ ഒരു സ്വകാര്യസ്ഥാപനം നടത്തി വരികയാണ്. യുഡിഎഫ് സ്ഥാനാർഥിയായി നേത്യത്വം തീരുമാനിച്ചിട്ടുള്ള മിനി ജോസ് മാമ്പിള്ളി ഒരു സ്വകാര്യ സ്ഥാപനത്തിൽ ബ്യൂട്ടീഷൻ ആയി പ്രവർത്തിച്ച് വരികയാണ്. 48 കാരിയായ മിനിക്കും ഇത് കന്നിയങ്കമാണ്.
വെള്ളിയാഴ്ചയാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനായുള്ള അവസാന ദിവസം.ഡിസംബർ 7 ന് രാവിലെ 7 മുതൽ 6 വരെ ഡോൺബോസ്കോ സ്കൂളിൽ വോട്ടെടുപ്പും 8 ന് കൗൺസിൽ ഹാളിൽ വോട്ടെണ്ണലും നടക്കും.