കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ് പുനരുദ്ധാരണ പ്രവർത്തികൾക്ക് ഒരു കോടി രൂപയുടെ സർക്കാർ ധനസഹായം

കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ് പുനരുദ്ധാരണ പ്രവർത്തികൾക്ക് ഒരു കോടി രൂപയുടെ സർക്കാർ ധനസഹായം

 

കൊടുങ്ങല്ലൂർ:മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിൽ നടക്കുന്ന പുനരുദ്ധാരണ പ്രവർത്തികൾക്കായി സംസ്ഥാന സർക്കാർ ഒരു കോടി രൂപ ധനസഹായം അനുവദിച്ചു.  പള്ളിയുടെ ചുറ്റുമതിലിന്റെ പുനർ നവീകരണത്തിനും സൗന്ദര്യവൽക്കരണത്തിനുമായാണ് ധനസഹായം ലഭ്യമായതെന്ന് അഡ്വ.വി ആർ സുനിൽകുമാർ എംഎൽഎ അറിയിച്ചു.

ഇന്ത്യയിലെ ആദ്യത്തെ ജുമാ മസ്ജിദായ ചേരമാൻ മസ്ജിദ്, മുസിരിസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഴയ പള്ളിയുടെ മുഴുവൻ തനിമയും നിലനിർത്തി പുനർനിർമ്മിക്കുന്ന ജോലികൾ പൂർത്തീകരിച്ചത്. മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് കരുതപ്പെട്ടെങ്കിലും സാങ്കേതിക തടസങ്ങൾ മൂലം നടന്നില്ല. പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ സ്ഥിതിക്ക് എത്രയും വേഗം പുനർനവീകരിക്കപ്പെട്ട മസ്ജിദിന്റെ ഉദ്‌ഘാടനം നടക്കുമെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി എം നൗഷാദ് പറഞ്ഞു.

ഇന്ത്യയിൽ തന്നെ ജുമ‍‘അനമസ്കാരം ആദ്യമായി നടന്ന പള്ളിയാണ് ചേരമാൻ. ക്രിസ്തുവർഷം 629ൽ സ്ഥാപിക്കപ്പെട്ട പള്ളിയിൽ 1974ന് ശേഷം കൂട്ടിച്ചേർത്തിയിട്ടുള്ള ഭാഗങ്ങൾ നീക്കം ചെയ്ത്, പഴയ പള്ളിയുടെ നഷ്ടപ്പെട്ട ഭാഗങ്ങൾ പുനഃസ്ഥാപിക്കുന്നതാണ് പുനരുദ്ധാരണ പദ്ധതി. 1.181 കോടി രൂപ ചെലവഴിച്ചാണ് നവീകരണം. കേരളീയ വാസ്തു ശിൽപകലയുടെ മാതൃകയിൽ മുമ്പുണ്ടായിരുന്ന രൂപം നിലനിറുത്തി ധാരാളം വിശ്വാസികൾക്ക് ഒരുമിച്ച് പ്രാർത്ഥന നടത്താനുള്ള സൗകര്യത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. പഴയ പള്ളിയുടെ രണ്ട് തട്ടുകളായുള്ള മേൽക്കൂര പൂർണമായും മാറ്റി, തേക്ക് കൊണ്ടുള്ള പുതിയ മേൽക്കൂര അതേപടി സ്ഥാപിച്ച് ഓടുകൾ മേഞ്ഞു.  മേൽക്കൂരയിൽ കൊത്തുപണികൾ ചെയ്തു മനോഹരമാക്കി.

ഇതോടൊപ്പം മഹല്ല് കമ്മിറ്റിയുടെ  നേതൃത്വത്തിൽ രാജ്യത്തെ ആദ്യത്തെ ഭൂഗർഭ നമസ്കാര ഹാളിന്റെ നിർമ്മാണവും അതിവേഗം നടന്നുവരികയാണ്. 20 കോടി രൂപ ചെലവഴിച്ചാണ്  നിർമ്മാണം. പള്ളിയുടെ പൗരാണിക തനിമ തിരിച്ചുകൊണ്ടുവരണമെന്ന് 2011ലാണ്  മഹല്ല് യോഗം തീരുമാനിച്ചത്. 5000 പേർക്ക് നമസ്കാര സൗകര്യം വർധിപ്പിക്കുന്നതിന് ഭൂമിക്കടിയിൽ വിശാലമായ സൗകര്യത്തോടെ രണ്ടു നിലകളിലായാണ് പള്ളി നിർമിക്കുന്നത്. 24,000 ചതുരശ്ര അടി വിസ്തൃതിയിലാണ് നിർമ്മാണം.

പല തവണ പുനർനിർമ്മാണത്തിന് വിധേയമായിട്ടുള്ള മസ്ജിദിന് 1341 ൽ മുസിരിസിലുണ്ടായ വെള്ളപ്പൊക്കത്തിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചു. വെള്ളപ്പൊക്കത്തിന് ശേഷം പുനര്‍നിര്‍മിച്ച പള്ളി 1974, 1994, 2001 വര്‍ഷങ്ങളിലും പുനര്‍നിര്‍മിച്ചു. ചരിത്രവും വിശ്വാസവും ഇഴചേർന്നു കിടക്കുന്ന തടിയില്‍ തീര്‍ത്ത ഉത്തരവും ആയിരത്തോളം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കൊത്തുപണികളോടെയുള്ള ഈട്ടിത്തടിയില്‍ തീര്‍ത്ത പ്രസംഗപീഠവും മക്കയില്‍ നിന്ന് കൊണ്ടുവന്ന മാര്‍ബിള്‍ കഷ്ണവും ഇവിടെ സംരക്ഷിക്കപ്പെടുന്നു.

Please follow and like us: