അരേക്കാപ്പ് കോളനിയിലേയ്ക്ക് റോഡ് നിർമ്മിക്കും: ഉറപ്പ് നൽകി മന്ത്രി

അരേക്കാപ്പ് കോളനിയിലേയ്ക്ക് റോഡ് നിർമ്മിക്കും: ഉറപ്പ് നൽകി മന്ത്രി

ചാലക്കുടി: അതിരപ്പിള്ളിയിലെ അരേക്കാപ്പ് പട്ടികവർഗ കോളനിയിലേയ്ക്കുള്ള യാത്രാദുരിതത്തിന് പരിഹാരമാകുന്നു. കോളനിയിലേയ്ക്ക് എത്തിച്ചേരാനുള്ള റോഡ് പണി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിയമ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്ന് പട്ടിക വിഭാഗ വികസനകാര്യ മന്ത്രി
കെ രാധാകൃഷ്ണൻ പറഞ്ഞു. കോളനിയിലേയ്ക്ക് നേരിട്ടെത്തിയാണ് മന്ത്രി കോളനിവാസികൾക്ക് ഉറപ്പ് നൽകിയത്. ജില്ലാ കലക്ടർ ഹരിത വി കുമാറും സംഘവും മന്ത്രിയോടൊപ്പം കോളനിയിലെത്തിയിരുന്നു.

പുറംലോകവുമായി ഒറ്റപ്പെട്ട് കിടക്കുന്ന അരേക്കാപ്പ് കോളനിയിലേയ്ക്ക് റോഡ് നിർമ്മിക്കാൻ അടുത്തിടെ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായാണ്
മന്ത്രിയും കലക്ടറും സ്ഥലം സന്ദർശിച്ചത്. സനീഷ് കുമാർ ജോസഫ് എം എൽ എ, അതിരപ്പിള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ റിജേഷ്, മലയാറ്റൂർ ഡി എഫ് ഒ രവികുമാർ മീണ തുടങ്ങിയവർ മന്ത്രിക്കും കലക്ടർക്കുമൊപ്പമുണ്ടായിരുന്നു

അതിരപ്പിള്ളി പഞ്ചായത്തിലെ ഒൻപതാം വാർഡിൽ മലക്കപ്പാറയിൽ നിന്ന് നാല് കിലോമീറ്റർ അകലെയായി ഉൾക്കാട്ടിലാണ് 43 കുടുംബങ്ങൾ താമസിച്ചുവരുന്ന അരേക്കാപ്പ്. വനാവകാശ നിയമമനുസരിച്ച് ലഭിച്ച 148 ഏക്കർ ഭൂമിയിലെ കൃഷിയും ഇടമലയാർ അണക്കെട്ടിൽ നിന്നുള്ള മത്സ്യബന്ധനവുമാണ് ഇവരുടെ ഉപജീവനമാർഗം. മലക്കപ്പാറയിൽ നിന്ന് അരേക്കാപ്പിലേക്ക് റോഡ് നിർമിക്കാൻ 20 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.

Please follow and like us: