ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒരു കോടിയുടെ ഒ.പി. ബ്ലോക്ക് ;മഹാമാരിയുടെ ഒന്നും രണ്ടും ഘട്ടങ്ങളെ ജനകീയമായ രീതിയിൽ നേരിടാൻ സർക്കാരിന് കഴിഞ്ഞതായി മന്ത്രി ഡോ. ആർ ബിന്ദു.
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആനന്ദപുരം സാമൂഹികാരോഗ്യകേന്ദ്രം പുതിയ ഔട്ട് പേഷ്യന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിര്‍വഹിച്ചു.
കോവിഡ് മഹാമാരിയുടെ ഒന്നും രണ്ടും ഘട്ടങ്ങളെ ജനകീയമായ രീതിയില്‍ അതിജീവിക്കാന്‍ കേരളത്തിന് സാധിച്ചെന്ന് മന്ത്രി പറഞ്ഞു. വളരെ ജാഗ്രതയോടെയാണ് അടിസ്ഥാന വികസനത്തിന്റെ മേഖലയില്‍ കേരളത്തിന്റെ ആരോഗ്യ വകുപ്പ് ഇടപ്പെട്ടുകൊണ്ടിരിക്കുന്നത്. പതിനേഴ് മാസത്തിനുള്ളില്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരിക്കും. ആനന്ദപുരം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ആദ്യഘട്ടത്തില്‍ ഐസുലേഷന്‍ വാര്‍ഡായും പിന്നീട് ഇന്‍ പേഷ്യന്റ് വാര്‍ഡായി മാറ്റാവുന്ന തരത്തിലുള്ള കെട്ടിടം നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു. ജീര്‍ണ്ണാവസ്ഥയിലുള്ള ക്വാര്‍ട്ടേഴ്സുകള്‍ പൊളിച്ച് നീക്കി ആ പ്രദേശത്താണ് ഇന്‍പേഷ്യന്റ് കെട്ടിടം നിര്‍മ്മിക്കുന്നത്. ക്വാര്‍ട്ടേഴ്സുകള്‍ ഫ്ളാറ്റ് രൂപത്തിലാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 2020- 21 സാമ്പത്തികവർഷത്തെ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് ആനന്ദപുരം ഫാമിലി ഹെൽത്ത് സെന്ററിനായി പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
ഇരു നിലകളിലായി ഉയരുന്ന കെട്ടിടത്തിൽ ആശ്വാസ്, ഇ ഹെൽത്ത്, ഡോക്ടേഴ്സ് റൂം,
സ്റ്റാഫ് റൂം, ലാബ്, ഫാർമസി, ഒബ്സർവേഷൻ റൂം ഉൾപ്പെടെയുണ്ട്.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന് അധ്യക്ഷയായ ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീന കെ ജെ, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, എന്നിവര്‍ മുഖ്യാതിഥികളായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി ടി കിഷോര്‍, തുടങ്ങിയവർ പങ്കെടുത്തു.