ദുരവസ്ഥയിൽ കഴിയുന്ന വായോധികന് തണലൊരുക്കാൻ സാമൂഹ്യനീതി വകുപ്പും, ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണലും..

ദുരവസ്ഥയിൽ കഴിയുന്ന വായോധികന് തണലൊരുക്കാൻ സാമൂഹ്യനീതി വകുപ്പും, ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണലും..

പുതുക്കാട്:ചെങ്ങാലൂർ വില്ലേജിൽ മറവാഞ്ചേരി തലക്കാട്ടിൽ മണി എന്ന സുബ്രഹ്മണ്യനാണ് (70) അധിക്യതർ തുണയായത്.ഏക്കറുകൾ വരുന്ന ആളൊഴിഞ്ഞ പറമ്പിൽ ശോചനീയാവസ്ഥയിലുള്ള ഷീറ്റിട്ടുമൂടിയ ഷെഡ്‌ഡിൽ ഒറ്റയ്ക്കു താമസിക്കുകയും അനാരോഗ്യത്താൽ ദുരിതമനുഭവിക്കുകയുമാണ് സുബ്രമണ്യൻ.ബലൂൺ കച്ചവടക്കാരനായിരുന്ന മണിയുടെ ജീവിതം മണി കോവിഡ് കാലവും, ലോക്ക്ഡൗണും,തൊഴിലില്ലായ്മയും ഏറെ പ്രതിസന്ധിയിലാഴ്ത്തി. ഒരു വർഷം മുന്നേ സ്വയം ഭക്ഷണം പാകം ചെയ്തു കഴിച്ചിരുന്നെങ്കിലും അവശതമൂലം ഇന്ന് ഒന്നിനുമാകാത്ത അവസ്ഥയിലാണ്.നിലവിൽ നാട്ടുകാരോ, പഞ്ചായത്തോ എത്തിക്കുന്ന ഭക്ഷണം ആണ് ഏക ആശ്രയം.ഒരു മഴ പെയ്താൽ താമസിക്കുന്ന ഷെഡ്‌ഡിൽ വെള്ളം കയറും.പിന്നെ പഞ്ചായത്തിന്റ ക്യാമ്പിലാണ് അഭയം തേടാറുള്ളത്.നിൽവിൽ ഇരുട്ടിയാൽ കുറുക്കനും തെരുവ് നായ്ക്കളും കയറിയിറങ്ങുന്ന അടച്ചുറപ്പില്ലാത്ത ഷെഡ്‌ഡിൽ ജീവഭയത്തോടെ കഴിഞ്ഞു വരികയാണ് ഈ വായോധികൻ.300 മീറ്ററോളം പറമ്പിലൂടെ നടന്നു മണ്ണെടുത്ത കുഴിയിൽ നിന്നാണ് കുടിവെള്ളം പോലും എടുക്കുന്നത്.കാലിന് ശോഷണം സംഭവിച്ചതിനാൽ ക്രച്ചസ് സഹായത്താൽ ആണ് നടക്കുന്നത്.

വിവരം ശ്രദ്ധയിൽപ്പെട്ട ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണലും, സാമൂഹ്യനീതി വകുപ്പും അടിയന്തിരമായി ഇടപെടുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തു.ഇരിങ്ങാലക്കുട ആർ.ഡി.ഓ.& മെയിന്റനൻസ് ട്രൈബ്യുണൽ എം.എച്ച്.ഹരീഷ്,മെയിന്റനൻസ് ട്രൈബ്യുണൽ ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ.സി.രാധാകൃഷ്ണൻ, സാമൂഹ്യനീതി വകുപ്പ് ഓർഫനേജ് കൗൺസിലർ കൃപ മൂത്തേടത്ത് എന്നിവരുൾപ്പെട്ട സംഘം നേരിട്ട് സ്ഥലത്തെത്തി മണിയെ കണ്ടു സ്ഥിതിഗതികൾ വിലയിരുത്തി.വൈസ് പ്രസിഡന്റ്‌ഷൈനി ജോജു,വില്ലേജ് ഓഫീസർ ശാന്തകുമാരി.വി.കെ,വാർഡ് മെമ്പർ ഹിമ ദാസൻ എന്നിവരും സന്ദർശനവേളയിൽ സ്ഥലത്ത് എത്തിയിരുന്നു.

നിലവിലെ ജീവിത സാഹചര്യമനുസരിച്ച് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറുന്നതിനു മണി സന്നദ്ധത അറിയിച്ച സാഹചര്യത്തിൽ ടിയാനെ ചെന്നായ്പാറയിലുള്ള ദിവ്യഹൃദയാശ്രമത്തിലേയ്ക്ക് കോവിഡ് പരിശോധനയ്ക്ക് ശേഷം മാറ്റുമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഇൻ ചാർജ് കെ.ജി. രാഗപ്രിയ അറിയിച്ചു.

ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ.സി. രാധാകൃഷ്ണൻ, സാമൂഹ്യനീതി വകുപ്പ് ഓർഫനേജ് കൗൺസിലർ കൃപ മൂത്തേടത്ത് എന്നിവർ വിശദമായ റിപ്പോർട്ട് ഇരിങ്ങാലക്കുട ആർ.ഡി.ഓ ക്കും ജില്ലാ സാമൂഹ്യനീതി ഓഫീസർക്കും നൽകി. കോവിഡ് പരിശോധന,പുനരധിവാസം സംബന്ധിച്ചു അടിയന്തിര നടപടികൾ സ്വീകരിക്കാൻ ഇരിങ്ങാലക്കുട ആർ.ഡി.ഓ & മെയിന്റനൻസ് ട്രൈബ്യൂണൽ എം.എച്ച്.ഹരീഷ് അനുബന്ധ ഉദ്യോഗസ്ഥർക്ക് നിർദ്ദേശംനൽകി.

25 വർഷം മുന്നേ ഭാര്യ ഉപേക്ഷിച്ചതായും, ഒരു മകൻ ഉള്ളതായും പറയുന്നു. എന്നാൽ ഇവരുമായി ബന്ധമില്ലെന്നും, ഇവരുടെ വിലാസം ലഭ്യമല്ലെന്നും മണി അറിയിച്ചു.വാർദ്ധക്യപെൻഷൻ മാത്രമാണ് ഏക വരുമാനമാർഗ്ഗം.കോവിഡ് പരിശോധനഫലം ലഭിക്കുന്ന മുറയ്ക്ക് വായോധികനെ സംരക്ഷണകേന്ദ്രത്തിൽ പുനരധിവസിപ്പിക്കും.

Please follow and like us: