ജാതി സർട്ടിഫിക്കറ്റ് വിഷയത്തിൽ തുടർപഠനം പ്രതിസന്ധിയിലായ വിദ്യാർഥികളോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ പ്രതിഷേധപരിപാടികളുമായി എബിവിപി; മന്ത്രിയുടേത് എല്ലാം ശരിയാക്കാമെന്ന രാഷ്ട്രീയക്കാരൻ്റെ പതിവ് പറച്ചിൽ മാത്രമെന്നും ആരോപണം..

ജാതി സർട്ടിഫിക്കറ്റ് വിഷയത്തിൽ തുടർപഠനം പ്രതിസന്ധിയിലായ വിദ്യാർഥികളോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ പ്രതിഷേധപരിപാടികളുമായി എബിവിപി; മന്ത്രിയുടേത് എല്ലാം ശരിയാക്കാമെന്ന രാഷ്ട്രീയക്കാരൻ്റെ പതിവ് പറച്ചിൽ മാത്രമെന്നും ആരോപണം..

 

 

ഇരിങ്ങാലക്കുട: ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തതിൻ്റെ പേരിൽ തുടർപഠനം പ്രതിസന്ധിയിലായ കാക്കാത്തുരുത്തിയിലെ വിദ്യാർഥികളോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ സമര പരിപാടികളുമായി എബിവിപി. കുറവ വിഭാഗത്തിൽപ്പെട്ട ഒമ്പതോളം കുടുംബങ്ങളിൽ നിന്നായിട്ടുള്ള ഇരുപതോളം വിദ്യാർഥികൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ഉപരിപഠനത്തിന് സർക്കാർ കോളേജുകളെ തന്നെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട്. ആധാർ ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടെങ്കിലും ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തത് കൊണ്ട് സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണ്. പ്ലസ് ടു പഠനം പൂർത്തിയാക്കിയവരുടെ തുടർപഠനം മുടങ്ങിയിരിക്കുകയാണിപ്പോൾ. ജാതി തെളിയിക്കുന്നതിനായി ഇവരുടെ പൂർവികർ താമസിക്കുന്ന കോഴിക്കോട് പോയി റവന്യു അധികൃതരെ കണ്ടിട്ട് അപേക്ഷ നല്കിയിട്ട് മൂന്ന് വർഷങ്ങളായി. വിഷയവുമായി ബന്ധപ്പെട്ട് സ്ഥലം എംഎൽഎ യും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. ആർ ബിന്ദുവിന് നിവേദനം നല്കിയിരുന്നു. എല്ലാം ശരിയാക്കാം എന്ന പതിവ് രാഷ്ട്രീയക്കാരൻ്റെ മറുപടി മാത്രമാണ് മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉള്ളതെന്ന് എബിവിപി സംസ്ഥാനസമിതിയംഗം അക്ഷയ് എസ് പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. വിദ്യാർഥികളുടെ മാതാപിതാക്കൾ അമ്പത് വർഷങ്ങളായി കാക്കാത്തുരുത്തിയിൽ തന്നെ താമസിക്കുന്നവരാണ്. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് നാളെ (നവംബർ 6 ന് ) രാവിലെ 10 മുതൽ 5 വരെ ആൽത്തറക്കൽ ധർണ്ണ നടത്തും. വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നല്കാനും തീരുമാനിച്ചിട്ടുണ്ട്.നഗർ സെക്രട്ടറി യദുകൃഷ്ണൻ, വിദ്യാർഥിയും പരാതിക്കാരനുമായ സുധീഷ് കെ എസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: