43 വർഷത്തെ പരിശീലനമികവിന് ഒടുവിൽ അംഗീകാരം;ദ്രോണാചാര്യ അവാർഡ് ക്രൈസ്റ്റ് കോളേജ് അത്ലറ്റിക്സ് പരിശീലകൻ ടി പി ഔസേഫ് മാസ്റ്റർക്ക് ..
തൃശൂർ:നീണ്ട 43 വര്‍ഷത്തെ പരിശീലന മികവിനുള്ള അംഗീകാരമായി ദ്രോണാചാര്യ അവാര്‍ഡ് കായികപരിശീലകനെ തേടിയെത്തുമ്പോൾ ക്രൈസ്റ്റ് കോളേജ് അത്ലറ്റിക് കോച്ച് പെരുമ്പാവൂര്‍ ഇരിങ്ങൂള്‍ തേക്കമാലില്‍ വീട്ടില്‍ ഔസേഫ് മാസ്റ്റര്‍ക്ക് നിറഞ്ഞ അഭിമാനം. “അംഗീകാരം വൈകിയതില്‍ പരിഭവമില്ല. എല്ലാ രംഗത്തും സംഭവിക്കുന്നതാണിത്. മുകളിലേക്ക് മാത്രമല്ല, ഇടയ്ക്ക് താഴേയ്ക്ക് നോക്കാനും സാധിക്കണം. പാവപ്പെട്ടവരുടെ ജീവിതങ്ങളിലേക്കും നമ്മള് കടന്നുചെല്ലണം” – ബോബി അലോഷ്യസ് അടക്കമുള്ള നിരവധി അന്തര്‍ദേശിയ താരങ്ങളേയും 25 ഓളം പരിശീലകരേയും വാര്‍ത്തെടുത്ത കായിക പരിശീലകന്റെ വാക്കുകള്‍ക്ക് ദാര്‍ശനിക ഭാവം.
15 വര്‍ഷത്തെ അത്ലറ്റിക് ചരിത്രവും 43 വര്‍ഷത്തെ പരിശീലക ചരിത്രവും ഈ 75കാരനുണ്ട്. പെരുമ്പാവൂര്‍ എം.ജി.എം. ഹൈസ്കൂള്‍, കോതമംഗലം എം.എ. കോളേജ് എന്നിവിടങ്ങളില്‍ നിന്നും ഹൈസ്കൂള്‍ വിദ്യാഭ്യാസവും പ്രീഡിഗ്രിയും പൂര്‍ത്തിയാക്കിയ ഔസേപ്പ് മാസ്റ്റര്‍ 1964ല്‍ എയര്‍ഫേഴ്സില്‍ റഡാര്‍ മെക്കാനിക്കായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. എയര്‍ഫോഴ്സില്‍ തുടര്‍ച്ചയായ 13 വര്‍ഷം ലോങ്ങ് ജംപിലും അഞ്ചുവര്‍ഷം ട്രിപ്പിള്‍ ജംബിലും ചാമ്പ്യനായി. ബാംഗ്ലൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്ട്സില്‍ അത്ലറ്റിക്സില് ഡിപ്ലോമയും നേടി 1981ല്‍ എയര്‍ഫോഴ്സില്‍ നിന്നും വിരമിച്ചു. അതേവര്‍ഷം തന്നെ കേരള സ്പോര്‍ട്ട്സ് കൗണ്‍സിലിന്റെ കീഴില്‍ തിരുവനന്തപുരം ജി.വി. രാജ സ്കൂളില്‍ കോച്ചായി നിയമിതനായി. ട്രിപ്പിള്‍ ജംപില്‍ എസ്.എസ്. മുരളി എന്ന അന്തര്‍ദേശീയ താരത്തിന്റെ വളര്‍ച്ചക്ക് വഴിയൊരുക്കുന്നത് ജി.വി.രാജയില്‍ ചിലവഴിച്ച മൂന്നുവര്‍ഷങ്ങളില്‍ തന്നെ. തൃശ്ശൂര്‍ വിമല കോളേജില്‍ 1986ല്‍ കോച്ചായി പ്രവേശിച്ചതിനെ തുടര്‍ന്നുള്ള ഏഴുവര്‍ഷങ്ങളില്‍ ബോബി അലോഷ്യസ്, ലേഖ തോമസ്, അഞ്ജു റോബോട്ട് ബോബി, ജിനു ഫിലിപ്പ് അടക്കമുള്ള അന്തര്‍ദേശീയ താരങ്ങളുടെ വളര്‍ച്ചക്ക് സാക്ഷിയായി. 1992 മുതല്‍ രണ്ടുവര്‍ഷം പാല അല്‍ഫോണ്‍സ കോളേജിലും 94 മുതല്‍ 98 വരെ ഇന്ത്യന്‍ ടീമിന്റെ അത്ലറ്റിക് കോച്ചായും പ്രവര്‍ത്തിച്ചു. സ്പോര്‍ട്ട്സ് കൗണ്‍സിലിന്റെ പരിശീലക സ്ഥാനത്തുനിന്നും 2001ല്‍ വിരമിച്ച ശേഷം കോതമംഗലം മാര്‍ ബേസില്‍ കോളേജിലും തുടര്‍ന്ന് 16 വര്‍ഷം കോതമംഗലം എം.എ. കോളേജ് സ്പോര്‍ട്ട്സ് അക്കാദമിയിലും പരിശീലകനായി വേഷമണിഞ്ഞു. 2019ല്‍ ക്രൈസ്റ്റ് കോളേജിലെത്തിയ ഔസേഫ് മാസ്റ്റര്‍ സച്ചുജോര്‍ജ്ജ്, മുഹമ്മദ് അനസ്, മീര ഷിബു, സാന്ട്ര ബേബി, സെബാസ്റ്റിയന് ഷിബു എന്നി രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് ലോങ്ങ് ജംപിലും ട്രിപ്പിള്‍ ജംപിലും തീവ്രപരിശീലനം നല്കി വരികയാണ്. ഫ്രാന്‍സില്‍ നടക്കുന്ന 2024ലെ ഒളിമ്പിക്സിലേക്ക് ഇവരെ സജ്ജരാക്കുകയാണ് ലക്ഷ്യം. ” അമിതമായ രാഷ്ട്രീയ വല്‍ക്കരണമാണ് ഇന്ത്യന്‍ കായികരംഗത്തിന് വിനയായി മാറുന്നത്. കായികതാരങ്ങളേക്കാളും പരിശീലകരേക്കാളും സംഘടനകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പ്രാധാന്യം ലഭിക്കുന്ന അവസ്ഥ മാറിയെ തീരു” പരിശീലന രംഗത്ത് വിട്ടുവീഴ്ച കാണിക്കാത്ത 75 കാരന്റെ വാക്കുകളുടെ മൂര്ച്ചക്ക് കുറവില്ല. ഗ്രേസിയാണ് ഭാര്യ. ബോബി ജോസ്, ടീന ജോസ്, ടെസി ജോസ് എന്നിവര്‍ മക്കളാണ്.