ഒരു നൂറ്റാണ്ടു നീണ്ട കാത്തിരിപ്പിന് വിരാമം;പശ്ചിമഘട്ടത്തില്‍ നിന്നും അപൂര്‍വ ഇനം അദൃശ്യലോലവലചിറകന്‍

ഒരു നൂറ്റാണ്ടു നീണ്ട കാത്തിരിപ്പിന് വിരാമം;പശ്ചിമഘട്ടത്തില്‍ നിന്നും അപൂര്‍വ ഇനം അദൃശ്യലോലവലചിറകന്‍


ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ ഗവേഷണസംഘം പശ്ചിമ ഘട്ടത്തില്‍ നിന്നും ആദ്യമായി പൂര്‍ണവളര്‍ച്ചയെത്തിയ അപ്പോക്രൈസ ഈവാനിഡ അദൃശ്യ ലോലവലചിറകന്‍ എന്ന അപൂര്‍വഇനം ഹരിതവലചിറകനെ കണ്ടെത്തി. 128 വര്‍ഷത്തിനു ശേഷമാണ് പൂര്‍ണവളര്‍ച്ചയെത്തിയ ഈ അദൃശ്യലോലവലചിറകന്‍ പശ്ചിമ ഘട്ടത്തില്‍ ഉള്‍പ്പെട്ട വയനാട്ടിലെ വള്ളിയൂര്‍ക്കാവില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നുള്ള ഷോണ്‍ എല്‍ വിന്റര്‍ടണും കര്‍ണാടകയിലെ നാഷണല്‍ ബ്യൂറോ ഓഫ് അഗ്രികള്‍ച്ചറല്‍ ഇന്‍സെക്ട് റിസോഴ്‌സില്‍ നിന്നുള്ള അങ്കിത ഗുപ്തയും ഒരു വര്‍ഷം മുമ്പ് ബാംഗ്ലൂരില്‍ നിന്നും ഈ ഇനത്തിന്റെ ലാര്‍വയെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദേശീയ ശാസ്ത്രമാസികയായ എന്റമോണ്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ലക്കത്തിലാണ് ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജന്തുശാസ്ത്ര വിഭാഗം ഗവേഷകനായ ടി.ബി. സൂര്യനാരായണന്‍, ഗവേഷണ മേധാവിയും അസിസ്റ്റന്റ് പ്രഫസറുമായ ഡോ. സി. ബിജോയ് എന്നിവരാണ് ഈ കണ്ടത്തലുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ ഗവേഷണം നടത്തിയത്.

Please follow and like us: