കൃഷിയും വായനയും സംയോജിപ്പിച്ചുള്ള സ്ത്രീശാക്തീകരണ പദ്ധതിയുമായി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്; ” എൻ്റെ പാടം,എൻ്റെ പുസ്തകം” പദ്ധതി നവംബർ 4 ന് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും
ഇരിങ്ങാലക്കുട: കൃഷിയും വായനയും സംയോജിപ്പിച്ചുള്ള സ്ത്രീ ശാക്തീകരണപദ്ധതിയുമായി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്.ബ്ലോക്കിൻ്റെ 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 3, 30, O00 രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് പരിധിയിലുള്ള 22 അംഗീകൃത വായനശാലകളിൽ കൃഷിയിലും വായനയിലും താൽപ്പര്യമുള്ള 20 വനിതകളുടെ കൂട്ടായ്മകൾക്ക് വീട്ടുകൃഷിക്കാവശ്യമായ ഗ്രോബാഗ്, പച്ചക്കറിത്തൈകൾ, ജൈവവളം, ജൈവ കീടനാശിനി എന്നിവയും വായിക്കാനുള്ള പുസ്തകങ്ങളും പദ്ധതിയുടെ ഭാഗമായി നല്കുമെന്ന് ബ്ലോക്ക് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ, സെക്രട്ടറി ദിവ്യ കുഞ്ഞുണ്ണി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കുന്ന പദ്ധതി വഴി ബ്ലോക്കതിർത്തിയിൽ 440 വീട്ടുമുറ്റക കൃഷിയും 440 വനിതാ വായനക്കാരുമാണ് സജ്ജമാകുന്നത്. ഓരോ വായനശാലയിലും കാർഷിക പുസ്തക കോർണർ തുടങ്ങുന്നതിന് 2, 20,000 രൂപയും വകയിരുത്തിയിട്ടുണ്ട്. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. നവംബർ 4ന് 3 മണിക്ക് വെള്ളാങ്ങല്ലൂർ പിസികെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ” എൻ്റെ പാടം, എൻ്റെ പുസ്തകം” എന്ന പേരിലുള്ള പദ്ധതി ഉദ്ഘാടനം ചെയ്യും. വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ്മാസ്റ്ററും മികവിനുള്ള അംഗീകാരം ലഭിച്ച പ്രതിഭകളെ ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ലത ചന്ദ്രനും നിർവഹിക്കും. ബ്ലോക്ക് വൈസ് – പ്രസിഡണ്ട് സുധ ദിലീപ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ രമ രാഘവൻ, പ്രസന്ന അനിൽകുമാർ, സുരേഷ് അമ്മനത്ത്, മെമ്പർ ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ ,കോ-ഓർഡിനേറ്റർ ഖാദർ പട്ടേപ്പാടം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.