ആരോഗ്യപ്രവർത്തകയെ അപമാനിക്കുകയും മാലയും ബാഗും കവരാൻ ശ്രമം നടത്തുകയും ചെയ്ത തിരുവനന്തപുരം സ്വദേശികളായ പ്രതികൾ അറസ്റ്റിൽ..
ചാലക്കുടി: ജോലി കഴിഞ്ഞ് രാത്രി മാമ്പ്രയിലെ വീട്ടിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ആരോഗ്യ പ്രവർത്തകയെ അപമാനിക്കുകയും , മാലയും ബാഗും മോഷ്ടിക്കാൻ ശ്രമം നടത്തുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. തിരുവനന്തപുരം ചിറയൻകീഴ് റോയ് നിവാസിൽ റോയ് (25), കഠിനകുളം തൈവിളാകം വീട്ടിൽ നിശാന്ത് (29)എന്നിവരെ കൊരട്ടി സിഐ ബി കെ അരുണിൻ്റെ നേത്യത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ 25 ന് രാത്രി എട്ടു മണിയോടെ മംഗലശ്ശേരിയിലാണ് കേസിനാസ്പദമായ സംഭവം. പരാതിയെ തുടർന്ന് ദേശീയ പാതയോരത്തെ 20 ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെല്ലിന്റെ സഹായത്താൽ നടത്തിയ പ്രത്യേക അന്വേഷണത്തിലൂടെയുമാണ് പ്രതികളെ കണ്ടെത്തിയത്.സമീപകാലത്ത് ഏറെ വിവാദമായ ആലപ്പുഴ ജില്ലയിലെ ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച കേസിലെ പ്രതികളാണ് ഇരുവരും .
തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള വിവിധ ജില്ലകളിൽ സമാന രീതിയിൽ പിടിച്ചുപറി നടത്തിയതിനും ഇരുവർക്കെതിരേയും ഇരുപതോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്.ഒന്നാം പ്രതി റോയ് 16 വയസ്സുള്ളപ്പോൾ സുഹൃത്തിനെ സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തികൊലപ്പെടുത്തിയതിന് കടക്കാവൂർ സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വഴിയരുകിൽ ഒറ്റക്കു കണ്ടാൽ ക്രൂരമായി ഉപദ്രവിക്കുകയും ലൈംഗികമായി പീഢിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് പ്രതികൾക്കുള്ളത്. കൂട്ടാതെ ഭവനഭേദനമുൾപ്പെടെ നിരവധി മോഷണ കേസുകൾ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പഴ , മണ്ണംഞ്ചേരി , അമ്പലപുഴ എന്നീ സ്റ്റേഷനുകളിൽ
നിലവിലുണ്ട്.രാത്രി സമയങ്ങളിൽ ജോലി കഴിഞ്ഞു ഒറ്റക്കു സഞ്ചരിക്കുന്ന സ്ത്രീകളെ അപമാനിക്കുകയും സ്വർണ്ണാഭരണങ്ങളും ബാഗുകളും മറ്റും കവരുകയുമാണ് പ്രതികളുടെ രീതി.
ആലപ്പുഴയിൽ മോഷണം നടത്തിയ ശേഷം പോലീസ് അന്വേഷണം ഊർജ്ജിതപെടുത്തിയതു മനസ്സിലാക്കി റോഡരികിൽ പാർക്കു ചെയ്തിരുന്ന ആഢംബര മോട്ടോർ സൈക്കിൾ മോഷ്ടിച്ച് പ്രതികൾ ബാഗ്ലൂരിലേക്ക് പോകുന്ന വഴി കൊരട്ടി പൊങ്ങത്തു കണ്ട സ്ക്കൂട്ടർ യാത്രക്കാരിയെ പിൻതുടർന്ന് ആക്രമിക്കുകയായിരുന്നു. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് മദ്യവും മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുകയുമാണ് ഇവരുടെ രീതി. പ്രത്യേക അന്വേഷണ സംഘത്തിൽ എസ്ഐ മാരായ ഷാജു എടത്താടൻ, എം വിതോമസ്സ് , ബിജു ജോസഫ്, എഎസ്എ മാരായ ടി എ ജെയ്സൻ , മുരുകേഷ് കടവത്ത് , സീനിയർ സിപിഒ മാരായ ഡേവീസ് പി ടി, ദിനേശൻ പി എം, സജീഷ് കുമാർ , നിതീഷ് കെ എം എന്നിവരാണ് ഉണ്ടായിരുന്നത്.