സ്വകാര്യസ്ഥാപനത്തിൻ്റെ അനധിക്യത നിർമ്മാണ പ്രവർത്തനങ്ങൾ ക്രമപ്പെടുത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം;തെരുവുവിളക്കുകളെ ചൊല്ലിയും നഗരസഭ യോഗത്തിൽ വിമർശനം..

സ്വകാര്യസ്ഥാപനത്തിൻ്റെ അനധിക്യത നിർമ്മാണ പ്രവർത്തനങ്ങൾ ക്രമപ്പെടുത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം;തെരുവുവിളക്കുകളെ ചൊല്ലിയും നഗരസഭ യോഗത്തിൽ വിമർശനം..

ഇരിങ്ങാലക്കുട: സ്വകാര്യസ്ഥാപനത്തിൻ്റെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ ക്രമപ്പെടുത്താനുള്ള ഭരണനേത്യത്വത്തിൻ്റെ നിലപാടിൽ പ്രതിഷേധവുമായി പ്രതിപക്ഷം.നഗരസഭ മാർക്കറ്റിൽ ജെആർ ട്രേഡേഴ്സ് എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൻ്റെ അനധിക്യത നിർമ്മാണ പ്രവർത്തനങ്ങൾ പിഴ ഒടുക്കിയും ലൈസൻസ് ഫീ വർധിപ്പിച്ചും ക്രമപ്പെടുത്തി നല്കാമെന്ന നിർദ്ദേശമാണ് ധനകാര്യകമ്മിറ്റി ചെയർമാൻ കൂടിയായ വൈസ് – ചെയർമാൻ പി ടി ജോർജ്ജ് മുന്നോട്ട് വച്ചത്.അനധിക്യത നിർമ്മാണ പ്രവർത്തനങ്ങൾ ക്രമപ്പെടുത്താനുള്ള നീക്കങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് എൽഡിഎഫ് അംഗം സി സി ഷിബിൻ, ബി ജെ പി അംഗം സന്തോഷ് ബോബൻ എന്നിവർ പറഞ്ഞു. സമാന സാഹചര്യത്തിൽ മാപ്രാണത്തുള്ള ഒരു ഹോട്ടലിൻ്റെ മുന്നിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ച് നീക്കിയത് സി സി ഷിബിൻ ചൂണ്ടിക്കാട്ടി. കാനയുടെ മുകളിൽ ഷീറ്റ് വിരിക്കുക മാത്രമേ സ്ഥാപനം ചെയ്തിട്ടുള്ളുവെന്നും പൊളിക്കുകയാണെങ്കിൽ സമാനമായ മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും പൊളിക്കേണ്ടി വരുമെന്ന് വാർഡ് കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ വാദിച്ചു. വിഷയത്തിൽ കടയുടമയ്ക്ക് അനുകൂലമായ തീരുമാനം കോടതിയിൽ നിന്ന് ഉണ്ടായിട്ടുണ്ടെന്ന് ചെയർപേർസൺ പറഞ്ഞു. ക്രമപ്പെടുത്താനുള്ള തീരുമാനം മാറ്റി വയ്ക്കണമെന്നും കോടതിയിൽ അപ്പീൽ നല്കണമെന്നും അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായിട്ടും എല്ലാ കേസുകളിലും നഗരസഭ പരാജയപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്നും അനധിക്യത നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്ന ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റിയുടെ തീരുമാനം ശരിയല്ലെന്നും പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. വിമർശനങ്ങളെ തുടർന്ന് വിഷയത്തിൽ നിയമോപദേശം തേടാൻ യോഗം തീരുമാനിച്ചു.
തെരുവു വിളക്കുകൾ കത്തിക്കുന്നതിലും അറ്റകുറ്റപ്പണികൾ നടത്തുന്നതിലും വീഴ്ച ഉണ്ടെന്ന ആക്ഷേപവും യോഗത്തിൽ ഉയർന്നു.തൻ്റെ വാർഡിൽ 70 ഓളം ലൈറ്റുകൾ പ്രവർത്തനക്ഷമമല്ലെന്നും ലൈറ്റിടുന്നത് സംബന്ധിച്ച വിവരങ്ങൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കണമെന്നും എൽഡിഎഫ് അംഗം അൽഫോൺസ തോമസ് ആവശ്യപ്പെട്ടു. വിഷയത്തിൽ അംഗങ്ങളായ ടി കെ ഷാജു, നസീമ കുഞ്ഞുമോൻ, അംബിക പള്ളിപ്പുറത്ത്, കെ പ്രവീൺ എന്നിവരും പരാതികൾ ഉയർത്തി. ഇക്കാര്യത്തിൽ കൃത്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പ്രവർത്തനങ്ങളിൽ ഒരു വിവേചനവുമില്ലെന്നും പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൻ പാറേക്കാടൻ വിശദീകരിച്ചു. തെരുവുവിളക്കുകളുടെ വിഷയത്തിലുള്ള പരാതികൾ രേഖപ്പെടുത്താൻ രജിസ്റ്റർ വയ്ക്കണമെന്നും വിഷയത്തിൽ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ്റെ വൺമാൻഷോയാണ് നടക്കുന്നതെന്നും ബിജെപി അംഗം സന്തോഷ് ബോബൻ കുറ്റപ്പെടുത്തി. 41 വാർഡുകളിലേക്കും ലൈറ്റുകളിടാൻ രണ്ട് വണ്ടികൾ വേണമെന്ന് കരാറുകാരന് നിർദ്ദേശം നല്കിയിട്ടുണ്ടെന്ന് ചെയർപേർസൺ പറഞ്ഞു.
വാർഡ് 11 ലെ മൊബൈൽ ടവർ നിർമ്മാണത്തിന് ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള എതിർപ്പുകൾ കൂടി പരിശോധിച്ച ശേഷം മാത്രം അനുമതി നല്കാൻ യോഗം തീരുമാനിച്ചു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണെന്നും ടവർ നിർമ്മാണം അംഗീകരിക്കാൻ കഴിയില്ലെന്നും വാർഡ് കൗൺസിലർ എം ആർ ഷാജു പറഞ്ഞു.
നഗരസഭ യോഗങ്ങളുടെ മിനിറ്റ്സ് കിട്ടുന്നില്ലെന്ന ബിജെപി അംഗം സന്തോഷ് ബോബൻ്റെ പരാതിയോടെയാണ് യോഗം ആരംഭിച്ചത്. എല്ലാ മിനിറ്റ്സും സോഫ്റ്റ് വെയർ ആയ ‘ സകർമ’ യിൽ നിന്നും അംഗങ്ങൾക്ക് എടുക്കാവുന്നതാണെന്നും നടപടിക്രമങ്ങൾ സുതാര്യമാക്കാനുള്ള സർക്കാർ നിർദ്ദേശത്തിന് അനുസൃതമായിട്ടാണ് ഇക്കാര്യം ചെയ്തിട്ടുള്ളതെന്നും ആവശ്യമുള്ളവർക്ക് നേരിട്ട് നല്കാമെന്നും സെക്രട്ടറി വിശദീകരിച്ചു.
യോഗത്തിൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.

Please follow and like us: