ചാലക്കുടി ഇടശ്ശേരി ജ്വല്ലറി കവർച്ച; ഉത്തരേന്ത്യൻ സ്വദേശികളായ പ്രതികൾക്ക് എഴു വർഷം കഠിനതടവും 90,000 രൂപ പിഴയും..
ഇരിങ്ങാലക്കുട: ചാലക്കുടി ഇടശ്ശേരി ജ്വല്ലറി കവർച്ച കേസിൽ പ്രതികളായ ഉത്തരേന്ത്യൻ സ്വദേശികൾക്ക് വിവിധ വകുപ്പുകൾ പ്രകാരം എഴ് വർഷം കഠിന തടവും 90,000 രൂപ പിഴയും ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് ജഡ്ജ് അഞ്ജു മീര ബിർള വിധിച്ചു.2018 ജനുവരി 27 ന് ചാലക്കുടി നോർത്ത് ജംഗ്ഷനിലുള്ള ഇടശ്ശേരി ജ്വല്ലറിയുടെ പിൻഭാഗം ചുമർ തുരന്ന് അകത്ത് കയറി ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോക്കർ പൊളിച്ച് 15 കിലോ സ്വർണ്ണ ഉരുപ്പടികളും 606787 രൂപയും അടക്കം 4 കോടി 6 ലക്ഷം രൂപയുടെ മുതലുകളാണ് ഒന്നാം പ്രതി ബീഹാർ കട്ടിഹാർ ബാരാബസാറിൽ അശോക് ബാരിക് (35 വയസ്സ്) രണ്ടാം പ്രതി ജാർഖണ്ഡ് പിയാർപൂർ സ്വദേശി അമീർ ഷെയ്ക് (35 വയസ്സ്) മൂന്നാം പ്രതി ജാർഖണ്ഡ് പാക്കൂർ ജില്ലയിൽ മനീക് പാരയിൽ ഇൻജാമുൾ ഹഖ് (22 വയസ്സ്) നാലാം പ്രതി ജാർഖണ്ഡ് സ്വദേശി ഇക്രമുൾ ഷെയ്ക് (44 വയസ്സ്)എന്നിവർ ചേർന്ന് കവർന്നത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ചാലക്കുടി ഡിവൈഎസ്പി സി എസ് ഷാഹുൽഹമീദിൻ്റെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് ബീഹാർ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഉൾഗ്രാമങ്ങളിൽ നിന്ന് പിടികൂടിയത്. അവധി ദിവസങ്ങൾക്ക് മുന്നോടിയായുള്ള ദിവസങ്ങളിൽ മോഷണം നടത്തുന്ന പ്രതികൾക്ക് ഹോളിഡേ റോബേഴ്സ് എന്ന പേര് കൂടിയുണ്ട്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ പി ജെ ജോബി, അഭിഭാഷകരായ ജിഷ ജോബി, അൽജോ പി ആൻ്റണി, അബിൻ ഗോപുരൻ, റിനിൽ വി എസ് എന്നിവർ ഹാജരായി .