‘കുഞ്ഞു മക്കൾക്കൊപ്പം’ സംസ്ഥാനതല പദ്ധതിക്ക് തുടക്കം
കയ്പമംഗലം:കോവിഡ് കാലഘട്ടം മൂലം കേരളത്തിൽ ഷാഡോ പാൻഡമിക് എന്ന സ്ഥിതിവിശേഷം വർദ്ധിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി പ്രൊഫ.ആർ ബിന്ദു. കുഞ്ഞുങ്ങൾക്കൊപ്പം പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് ജി എൽ പി എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൗമാരക്കാലത്ത് ഹിംസാത്മകത വർധിച്ചു വരുന്നതിന് കാരണം ഷാഡോ പാൻഡമിക്കാണ്.
ഊർജ്ജത്തിന്റെ വൻതോതിലുള്ള സമാഹാരമാണ് കുട്ടികൾ. അവരിലെ ഊർജ്ജത്തെ ശരിയായ വിധം പുറത്തേയ്ക്ക് പ്രവഹിക്കാനുള്ള സാധ്യത കോവിഡ് കാലഘട്ടം ഇല്ലാതാക്കി. ഇത് മൂലം കുടുംബങ്ങൾക്കകത്ത് തന്നെ ഹിംസാത്മകത വർധിക്കുകയും കുട്ടികളെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ട് ഏറുകയും ചെയ്തു. ഇത്തരം അവസ്ഥയെ അതിജീവിക്കാൻ സാമൂഹികമായി കൈകോർത്ത് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞു മക്കൾക്കൊപ്പം പദ്ധതി തയ്യാറാക്കിയിട്ടുള്ളത് എന്നും അവർ കൂട്ടിച്ചേർത്തു.
വിദ്യാലയങ്ങളെയും അധ്യാപകരെയും കാണാതെ കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസിന് മുന്നിലിരിക്കുന്ന പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായുള്ള പരിശീലന പരിപാടിയാണ് കുഞ്ഞുമക്കൾക്കൊപ്പം. കേരള ശാസ്ത്രസാഹിത്യ പരിഷത്തും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനമൊട്ടാകെ രണ്ട് മാസം കൊണ്ട് പദ്ധതി വ്യാപിപ്പിക്കും. നേരത്തെ ആവിഷ്കരിച്ച മക്കൾക്കൊപ്പം പദ്ധതിയുടെ തുടർച്ചയാണിത്.
അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള പരിശീലനം എന്ന നിലയിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രീ പ്രൈമറി വിഭാഗത്തിലെ രക്ഷിതാക്കൾക്കായി നടത്തുന്ന പരിപാടിയിൽ പഞ്ചേന്ദ്രിയ പരിശീലനം, കഥ ചൊല്ലൽ, പാട്ട് പാടൽ, ക്രാഫ്റ്റ് നിർമ്മാണം എന്നിവയിലുള്ള പരിശീലനമാണ് ഉൾക്കൊള്ളിക്കുക. കോവിഡ് കാലഘട്ടത്തിൽ വീടുകൾ ക്ലാസ് മുറികളായപ്പോൾ അധ്യാപകരെ നേരിൽ കാണാതെ വിദ്യ അഭ്യസിക്കുന്ന കുഞ്ഞുങ്ങൾക്ക് രക്ഷിതാക്കൾ തന്നെ അധ്യാപകരായി മാറുന്ന രീതിയാണിത്.
ചടങ്ങിൽ ശാസ്ത്ര കേരളത്തിന്റെ കൗമാര പതിപ്പിന്റെ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു. ഇ ടി ടൈസൺ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി കെ ചന്ദ്രബാബു, ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നൗമി പ്രസാദ്, എം കെ ഫൽഗുനൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, ജില്ലാ ശിശുവികസന ഓഫീസർ പി മീര, ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ കെ ജി വിശ്വനാഥൻ, പരിഷത്ത് പ്രസിഡന്റ് ഒ എം ശങ്കരൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ ബി ബേബി, ടി എസ് സജീവൻ, വിവിധ ജനപ്രതിനിധികൾ, എന്നിവർ പങ്കെടുത്തു.