കരുവന്നൂർ വിഷയം വീണ്ടും നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ; നിക്ഷേപകർക്ക് പണം എന്ന് തിരിച്ച് നല്കുമെന്ന് പ്രഖ്യാപിക്കാൻ പിണറായി സർക്കാർ തയ്യാറാകണമെന്നും വി ഡി സതീശൻ;നിക്ഷേപകർക്ക് പണം തിരികെ നല്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സിൻ്റെ നേത്യത്വത്തിൽ ഡിവൈഎസ്പി ഓഫീസിലേക്ക് ബഹുജനമാർച്ച്.
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പണം എന്ന് തിരിച്ച് നല്കുമെന്ന് പ്രഖ്യാപിക്കാൻ സർക്കാരും കേരള ബാങ്കും തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വിഷയം നിയമസഭയിൽ വീണ്ടും അവതരിപ്പിക്കുമെന്നും കോൺഗ്രസ്സ് നേതാവ് പറഞ്ഞു. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പണം തിരിച്ച് നല്കുക, ക്രൈം ബ്രാഞ്ച് അന്വേഷണം ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎസ്പി ഓഫീസിലേക്ക് കോൺഗ്രസ്സ് നടത്തിയ ബഹുജനമാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബാങ്കിൽ നടന്ന കൊള്ളയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയിട്ടും ഇതിന് കൂട്ടു നിന്ന സിപിഎം നേതാക്കളെ ചോദ്യം ചെയ്യാൻ പോലീസ് തയ്യാറാകണം. മുഴുവൻ ഭരണസമിതി അംഗങ്ങളെയും ഇതു വരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇവരെ ഒളിവിൽ പാർപ്പിച്ചിരിക്കുന്നത് സിപിഎം നേതാക്കൾ തന്നെയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ കോൺഗ്രസ്സ് സമര രംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡണ്ട് ജോസ് വളളൂർ അധ്യക്ഷത വഹിച്ചു. കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൻ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ, നേതാക്കളായ സി ഒ ജേക്കബ്, സുനിൽ അന്തിക്കാട്, ഷാജി കോടങ്കണ്ടത്ത്, കെ കെ ശോഭനൻ, സോണിയ ഗിരി, സതീഷ് വിമലൻ, സോമൻ ചിറ്റേത്ത്, ബ്ലോക്ക് പ്രസിഡണ്ട് ടി വി ചാർലി, മണ്ഡലം പ്രസിഡണ്ടുമാർ തുടങ്ങിയവർ പങ്കെടുത്തു. ഡിസിസി സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി സ്വാഗതം പറഞ്ഞു. പത്ത് മണിയോടെ മാപ്രാണം കുരിശ് ജംഗ്ഷനിൽ നിന്ന് പത്തരയോടെ ആരംഭിച്ച മാർച്ച് ബാരിക്കേഡുകൾ വച്ച് പോലീസ് തടഞ്ഞു. ഇരിങ്ങാലക്കുട, മാള, അന്തിക്കാട്, ആളൂർ, കാട്ടൂർ സ്റ്റേഷനുകളിൽ നിന്നായി വൻപോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. മാർച്ചിനെ തുടർന്ന് തൃശൂർ -കൊടുങ്ങല്ലൂർ റൂട്ടിലെ വാഹനങ്ങൾ വിവിധ കേന്ദ്രങ്ങളിൽ വച്ച് പോലീസ് തിരിച്ച് വിട്ടിരുന്നു.