മെഡിക്കൽ ഷോപ്പ് കുത്തിപ്പൊളിച്ച് അറുപതിനായിരത്തോളം രൂപ മോഷ്ടിച്ച ആലുവ സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് ചാലക്കുടി പോലീസിൻ്റെ പിടിയിൽ;പിടിയിലായത് “മെഡിക്കൽ ഷോപ്പ് സ്പെഷലിസ്റ്റ് ” എന്ന അപര നാമത്തിലറിയപ്പെടുന്ന തോട്ടു മുഖം സിദ്ദിഖ്

മെഡിക്കൽ ഷോപ്പ് കുത്തിപ്പൊളിച്ച് അറുപതിനായിരത്തോളം രൂപ മോഷ്ടിച്ച ആലുവ സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് ചാലക്കുടി പോലീസിൻ്റെ പിടിയിൽ;പിടിയിലായത് “മെഡിക്കൽ ഷോപ്പ് സ്പെഷലിസ്റ്റ് ” എന്ന അപര നാമത്തിലറിയപ്പെടുന്ന തോട്ടു മുഖം സിദ്ദിഖ്

 

ചാലക്കുടി: മെഡിക്കൽ ഷോപ്പ് കുത്തി തുറന്ന് അറുപതിനായിരത്തോളം രൂപ മോഷ്ടിച്ച കേസിലെ പ്രതിയെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടി. ആലുവ തോട്ടുമുഖം മഹിളാലയത്തിനു സമീപം താമസിക്കുന്ന പള്ളിക്കുന്നത്ത് വീട്ടിൽ സിദ്ദിഖ് (52 വയസ്) ആണ് പിടിയിലായത്. മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതിനാൽ “മെഡിക്കൽ ഷോപ്പ് സ്പെഷ്യലിസ്റ്റ്” എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. എറണാകുളം തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി നൂറിനടുത്ത് മോഷണ കേസുകളിൽ പ്രതിയായിരുന്ന ഇയാൾ ജയിലിൽ നിന്നും പുറത്തിറങ്ങിയിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ.

കഴിഞ്ഞ മാസം 26 ന് ചാലക്കുടി ആനമല ജംഗ്ഷനിലെ അന്ന എന്ന മെഡിക്കൽ ഷോപ്പിന്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാവ് മേശയിൽ സൂക്ഷിച്ചിരുന്ന അറുപതിനായിരത്തോളം രൂപ മോഷ്ടിച്ചിരുന്നു. കടയുടമ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടൻ ചാലക്കുടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസെത്തി പരിശോധന നടത്തിയപ്പോൾ മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിദ്ദിഖ് പിടിയിലാവുന്നത്.

സിസിടിവി ദൃശ്യങ്ങളിൽ നിന്നും മോഷ്ടാവ് സിദ്ദിഖാണെന്ന അനുമാനത്തിൽ ഇയാളെ തിരഞ്ഞ് ആലുവയിലെത്തിയ പോലീസ് സംഘത്തിന് നീണ്ട നാളായി ഇയാൾ വീട്ടിൽ വരാറില്ലെന്നും അടുത്തിടെയാണ് ജയിൽ മോചിതനായതെന്നും വിവരം ലഭിച്ചു. ഇതിനെ തുടർന്ന് ഇയാളെ തിരഞ്ഞ് റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്സ്റ്റാന്റുകളിലും ബിവറേജ് ഷോപ്പുകളിലും ബാറുകളിലും നടത്തിയ അന്വേഷണത്തിലാണ് സിദ്ദിഖിനെ ഇന്ന് രാവിലെ അങ്കമാലിയിൽ നിന്നും പിടികൂടിയത്.

ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ്, സബ് ഇൻസ്പെക്ടർ എo.എസ് ഷാജൻ, ക്രൈം സ്ക്വാഡ് എ സ്.ഐ ജിനുമോൻ തച്ചേത്ത്, എഎസ്ഐ മാരായ സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, സീനിയർ സിപിഒമാരായ വി.യു സിൽജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ് ചാലക്കുടി സ്റ്റേഷനിലെ എഎസ്ഐ ഷിബു എ.പി എന്നിവരടങ്ങിയ സംഘമാണ് സിദ്ദിഖിനെ പിടികൂടിയത്.

ചാലക്കുടി പോലീസ് സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ ചാലക്കുടിയിലെ മെഡിക്കൽ ഷോപ്പ് കുത്തി തുറന്ന് മോഷണം നടത്തിയതും അടുത്തിടെയായി ഇരിങ്ങാലക്കുട, ആലുവ, പറവൂർ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി എന്നിവിടങ്ങളിൽ മോഷണം നടത്തിയതായും സമ്മതിച്ചു.
തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാന്റ് ചെയ്തു.

Please follow and like us: