പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കിയ ശേഷം ഒളിവിൽ പോയ ചാലക്കുടി പരിയാരം സ്വദേശിയായ യുവാവ് പിടിയിൽ;പിടിയിലായത് ബാംഗ്ലൂരിൽ ഒളിവിൽ കഴിയുന്നതിനിടെ
ചാലക്കുടി: നവമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കി ഒളിവിൽ പോയ യുവാവിനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ ബാംഗ്ലൂരിലെ കോറമംഗലയിൽ നിന്നും പിടികൂടി. പരിയാരം കൊന്നക്കുഴി കൂനൻ വീട്ടിൽ ഡാനിയേൽ ജോയി (23 വയസ്) ആണ് പിടിയിലായത്.
പെൺകുട്ടിയുമായി പരിചയത്തിലായ ഡാനിയൽ വളരെ മാന്യവും സ്നേഹപൂർണവുമായ സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയും സൗഹൃദം ദൃഢമാക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് മാതാപിതാക്കളില്ലാത്തതക്കം നോക്കി കൊന്നക്കുഴിയിലെ വീട്ടിലെത്തിച്ച് പീഡനത്തിനിരയാക്കുകയും പിന്നീട് ആന്ധ്രപ്രദേശിലേക്ക് കടക്കുകയുമായിരുന്നു.
ഡാനിയൽ ചതിച്ചതാണെന്ന് മനസിലാക്കിയ പെൺകുട്ടി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതിനെ തുടർന്ന് പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്.
ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ്, അഡീഷണൽ എസ്ഐ സജി വർഗ്ഗീസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ സീനിയർ സിപിഒ ഷീജ കെ.ടി, എന്നിവരടങ്ങിയ സംഘമാണ് ഡാനിയേലിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
ചാലക്കുടി പോലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം നിഷേധിച്ച ഡാനിയൽ ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും നാട്ടിൽ നിന്നും മുങ്ങി ആന്ധ്ര പ്രദേശിലേക്ക് കടന്ന ശേഷം ഫോണും സിം കാർഡുകളും അവിടെ ഉപേക്ഷിച്ച് തമിഴ് നാട്ടിലെത്തി വിവിധ സ്ഥലങ്ങളിലായി ഏതാനും ദിവസം താമസിച്ചതിനു ശേഷം അവിടെ നിന്നും കർണ്ണാടകത്തിലേയ്ക്ക് കടന്ന് പല സ്ഥലത്തായി താമസിച്ച ശേഷം ബാംഗ്ലൂരിലെത്തിയതാണ് എന്ന് സമ്മതിച്ചു. തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനകളും മറ്റും നടത്തിയ ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചാലക്കുടി കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാന്റ് ചെയ്ത് തൃശൂരിലെ ജയിലിലേക്കയച്ചു.