ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് മന്ത്രി ഡോ. ആർ ബിന്ദു; മണ്ഡലത്തിൽ മൂന്ന് ക്യാമ്പുകളിലായി കഴിയുന്നത് 46 പേർ.
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ ആർ ബിന്ദു മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. 21 പേർ കഴിയുന്ന കാറളം പഞ്ചായത്തിലെ എഎൽപി സ്കൂളിലെ ക്യാമ്പാണ് രാവിലെ പതിനൊന്ന് മണിയോടെ മന്ത്രി സന്ദർശിച്ചത്. മണ്ഡലത്തിൽ കൂടുതൽ പേർ കഴിയുന്ന ക്യാമ്പ് കൂടിയാണിത്. പഞ്ചായത്തിലെ വാർഡ് 2,11 എന്നിവടങ്ങളിൽ നിന്നുള്ളവരാണ് ക്യാമ്പിൽ ഉള്ളത്. ബ്ലോക്ക് പ്രസിഡണ്ട് ലളിത ബാലൻ, പഞ്ചായത്ത് പ്രസിഡണ്ട് സീമ പ്രേംരാജ് എന്നിവരോടൊപ്പം എത്തിയ മന്ത്രി അന്തേവാസികളുടെ വിവരങ്ങൾ ചോദിച്ച് അറിഞ്ഞു. വില്ലേജ് ഓഫീസർ ഡി. ഡിനിൽകുമാർ, സ്കൂൾ ഇൻ ചാർജ്ജ് എൻ എൻ പ്രീത, ആശാ വർക്കർ കെ കെ ലക്ഷ്മി, സ്കൂളിലെ മറ്റ് അധ്യാപകർ, പഞ്ചായത്ത് ജീവനക്കാർ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. ക്യാമ്പിൻ്റെ പ്രവർത്തനം തൃപ്തികരമാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞതായി മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നിലവിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ കാറളം, കാട്ടൂർ പഞ്ചായത്തുകളിലും നഗരസഭ പരിധിയിൽ നിന്നുമായി മൂന്ന് ക്യാമ്പുകളിലായി 46 പേരാണ് കഴിയുന്നത്.