മഴക്കെടുതി; ഇരിങ്ങാലക്കുട മണ്ഡത്തിൽ 46 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ; കാറളം പഞ്ചായത്തിൽ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം.
ഇരിങ്ങാലക്കുട: മഴക്കെടുതിയെ തുടർന്ന് ഇരിങ്ങാലക്കുട മണ്ഡലത്തിൽ 46 പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ. കാട്ടൂർ പഞ്ചായത്തിൽ എഴ് കുടുംബങ്ങളിൽ നിന്നായി 19 പേർ കരാഞ്ചിറ സെൻ്റ് സേവിയേഴ്സ് സ്കൂളിലെ ക്യാമ്പിലും കാറളം പഞ്ചായത്തിൽ 5 കുടുംബങ്ങളിൽ നിന്നായി 22 പേർ എൽപി സ്കൂളിലും നഗരസഭ പരിധിയിൽ രണ്ട് കുടുംബങ്ങളിൽ നിന്നായി 5 പേർ നമ്പർ 137 അംഗൻവാടിയിലും കഴിയുന്നുണ്ട്. പടിയൂർ പഞ്ചായത്തിൽ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് തുടരുകയാണ്. ക്യാമ്പ് ആരംഭിച്ചിട്ടില്ലെങ്കിലും പലരും ബന്ധുവീടുകളിലേക്ക് മാറിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.
കനത്ത മഴയിലും ഡാമുകളിൽ നിന്നുള്ള അധികജലത്തെ തുടർന്നും കാറളം പഞ്ചായത്തിലെ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. ചെമ്മണ്ട കായൽ പുളിയംപാടം കടുംക്യഷി സഹകരണ സംഘത്തിൻ്റെ കീഴിൽ മാത്രം കട്ടുംപാട്ടുപാടം, പറൂംപാടം, അമ്മിച്ചാൽ എന്നിവടങ്ങളിലായി 150 ഓളം എക്കർ കൃഷിയാണ് വെള്ളം കയറി നശിച്ചത്. 200 ൽ പരം ചെറുകിട കർഷകർ ഒരു മാസം മുമ്പാണ് ഇവിടെ കൃഷിയിറക്കിയത്. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
പഞ്ചായത്തിൽ തന്നെ എളമ്പുഴ, നന്തി, വെള്ളാനി, ചെമ്മണ്ട മേഖലകളിലായി നട്ട 50000 ത്തോളം വാഴകളും വെളളം കയറി നശിച്ചതായി കർഷകർ പറയുന്നു. കാറളത്തുള്ള വിഎഫ്പിസികെ യിൽ രജിസ്റ്റർ ചെയ്ത 130 ഓളം കർഷകർക്കാണ് ഈയിനത്തിലും ലക്ഷങ്ങളുടെ നഷ്ടം നേരിട്ടിരിക്കുന്നത്. ഇൻഷുറൻസ് നടപടികൾ അധികം പേരും പൂർത്തീകരിച്ചിട്ടുമില്ല. ഭൂരിപക്ഷം പടവുകളിലെ മോട്ടോർ സെറ്റുകളിലും വെള്ളം കയറിയ നിലയിലാണെന്നും കർഷകർ പറയുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഘത്തിൻ്റെ നേത്യത്വത്തിൽ അധികൃതർക്ക് നിവേദനം നല്കിയിട്ടുണ്ട്.